സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല, നിലവിലെ താരീഫ്‌ തുടരാൻ ഉത്തരവ്

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌ വർധന ഉടൻ ഇല്ല. നിലവിലെ താരീഫ്‌ പ്രകാരമുള്ള നിരക്ക്‌ ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന്‌ അനുമതി നൽകി. കഴിഞ്ഞ മാർച്ച്‌ 31 വരെയുള്ള നിശ്‌ചയിച്ചിരുന്ന നിരക്കാണ്‌ നിലവിലും ഒരുമാസം കൂടി തുടരാൻ കമ്മിഷൻ അനുവാദം നൽകിയിരിക്കുന്നത്‌.

കെഎസ്‌ഇബിയുടെ വരവ്‌ ചെലവുകൾ പരിശോധിച്ച്‌ ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിലാകേണ്ടതാണ്‌. എന്നാൽ കഴിഞ്ഞ വർഷം മുതൽ അഞ്ച്‌ വർഷത്തെ നിരക്ക്‌ ഒന്നിച്ച്‌ പ്രഖ്യാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിരുന്നു.

എന്നാൽ മുൻ വർഷവും ഒരു വർഷത്തെ നിരക്ക്‌ വർധനയാണ്‌ നടപ്പാക്കാനായത്‌. ഈ വർഷം നാല്‌ വർഷത്തെ നിരക്ക്‌ വർധനയ്‌ക്കാണ്‌ നടപടികൾ പുരോഗമിക്കുന്നത്‌. ഇതിനുള്ള പൊതു അദാലത്ത്‌ ഉൾപ്പെടെ കമ്മിഷൻ നടത്തുകയും ചെയ്‌തു. നടപടി ക്രമങ്ങൾ പൂർത്തിയാകും മുറയ്‌ക്ക്‌ പുതുക്കിയ താരീഫ്‌ പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

Advertisement