പുലമണ്‍ ട്രാഫിക് സിഗ്നലിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്‌

Advertisement

കൊട്ടാരക്കര പുലമണ്‍ ട്രാഫിക് സിഗ്നലിന് സമീപം കെഎസ്ആര്‍ടിസി ബസ്സും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ആറുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊട്ടിയം സ്വദേശി നാസറുദീന്(55) ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയത്ത് നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ എതിര്‍ ദിശയില്‍ എംസി റോഡില്‍ തിരുവനന്തപുരം ഭാഗത്തു നിന്നും വന്ന കാറും ദേശീയപാതയില്‍ ട്രാഫിക് പോയിന്റിലേക്ക് വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഓട്ടോ ഡ്രൈവര്‍ക്ക് തലയ്ക്കും കാലിനും പരിക്കേല്‍ക്കുകയായിരുന്നു. ഓട്ടോയിലെ മറ്റ് രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. ഉടന്‍ പോലീസ് എത്തി പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ക്കും, ബസ്സിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.

Advertisement