ഓടയിൽ വീണ് വയോധികന് പരിക്കേറ്റ സംഭവം: പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി:കോഴിക്കോട് ഓടയില്‍ വീണ് വയോധികന് പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ വിമര്‍ശനം. അവികസിത രാജ്യങ്ങളില്‍ പോലും ഈ അവസ്ഥയില്ലെന്ന് വിമര്‍ശിച്ച കോടതി, പ്രതിമാസം ശമ്പളം പറ്റുന്നവര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും പറഞ്ഞു. അരീക്കോട് സ്വദേശി മൂസക്കോയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.എന്തുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാത്തതെന്ന് കോടതി ചോദിച്ചു. ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കണം. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരമായിരുന്നു വഴിയരികിലെ തുറന്നുകിടന്ന ഓടയില്‍ വീണ് വയോധികന് പരിക്കേറ്റത്. മൂസക്കോയയുടെ വാരിയെല്ലിനും തുടയെല്ലിനും പൊട്ടലേറ്റിരുന്നു. മൂന്നടി താഴ്ചയുള്ള സ്‌ളാബില്ലാത്ത ഓടയിലാണ് മൂസക്കോയവീണത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

Advertisement