ഒരു കിലോഗ്രാം ചാള വിറ്റുപോയത് വെറും 30 രൂപയ്ക്ക്; ചെല്ലാനം ഹാർബറിൽ ചാളക്കാലം

ചെല്ലാനം: മിനി ഫിഷിങ് ഹാർബറിൽ കുറച്ചുനാളായി ചാളക്കാലമാണ്. കടലിൽ പോകുന്ന ഒട്ടുമിക്ക വള്ളങ്ങൾക്കും ധാരാളം ചാള ലഭിക്കുന്നു. സാധാരണ മേയ് മുതൽ മൂന്നു മാസമാണ് ചാള കൂടുതൽ ലഭിക്കുന്നത്.

എന്നാൽ, സെപ്റ്റംബറായിട്ടും ചാളയ്ക്ക് കുറവില്ല. ഇന്നലെ കടലിൽ പോയ മിക്ക വള്ളങ്ങളും കരയ്ക്കടുത്തത് നിറയെ ചാളയും ചെറിയ തോതിൽ അയലയുമായാണ്. പതിവ് സീസൺ കഴിഞ്ഞിട്ടും ചാള ഒഴുകിയെത്തുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമില്ല. ഹാർബറിൽ ലഭിക്കുന്ന ചാളയ്ക്കും അയലയ്ക്കും അടിസ്ഥാന വില നിശ്ചയിക്കണമെന്ന ഇവരുടെ കാലങ്ങളായുള്ള ആവശ്യം അധികൃതർ ചെവിക്കൊള്ളാത്തതാണ് പ്രതിസന്ധിക്കു കാരണം. ഇടനിലക്കാരും കച്ചവടക്കാരും ലാഭം കൊയ്യുമ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും.

ഇന്നലെ ഹാർബറിൽ നിന്ന് ഒരു കിലോഗ്രാം ചാള വിറ്റുപോയത് വെറും 30 രൂപയ്ക്കാണ്. കുറച്ചു ദിവസമായി ഈ വിലയ്ക്കാണ് ചാള വിൽക്കുന്നത്. കടലിൽ നിന്ന് ഹാർബറിൽ എത്തിക്കുന്ന മത്സ്യം വിൽപന നടത്തുന്നത് തരകന്മാർ (ഇടനിലക്കാർ) മുഖാന്തരമാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ചെറുകിട കച്ചവടക്കാരും ഫിഷ് മീൽ (മീൻ തീറ്റ) നിർമാണശാലയിലേക്ക് കയറ്റിയയക്കുന്നവരുമാണ് ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യമെടുക്കുന്നത്. ഈ മത്സ്യം മാർക്കറ്റുകളിലും തട്ടുകളിലും എത്തുമ്പോൾ 250 രൂപയിലേറെയാകുന്നു. ഇതുവഴി കച്ചവടക്കാർ ലാഭം കൊയ്യുന്നു.

മീൻ തീറ്റ നിർമിക്കാനും ചാള

ഹാർബറിൽ നിന്ന് ചെറു ചാളയെടുക്കുന്നത് അധികവും മീൻ തീറ്റ നിർമാണ ശാലകളാണ്. ഇത്തരം നിർമാണശാലകൾ കൂടുതലും പ്രവർത്തിക്കുന്നത് അയൽസംസ്ഥാനങ്ങളിലാണ്. മീൻ തീറ്റയുടെ ഡിമാൻഡ് കൂടിയതോടെ ഇടക്കാലത്ത് നിർമാണ ശാലകളും വർധിച്ചു. ഇവരുടെ ഏജന്റുമാരായി ഹാർബറിലെ ഇടനിലക്കാർ പ്രവർത്തിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. 30 രൂപ വിലയുള്ള ചാള ഇടനിലക്കാർ വാങ്ങിയ ശേഷം കൂടുതൽ തുകയ്ക്ക് മീൻ തീറ്റ നിർമാണ ശാലകൾക്ക് കൈമാറുന്നു. ഇതുവഴി ഇടനിലക്കാരും ലാഭമുണ്ടാക്കുന്നു. ടൺ കണക്കിന് ചാളയാണ് ദിവസവും സംസ്ഥാനത്തു നിന്ന് ഇക്കൂട്ടർ കൊണ്ടുപോകുന്നത്.

Advertisement