പുളിക്കീഴിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു

തിരുവല്ല . കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. പൊടിയാടി ഭാഗത്തുനിന്നും പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിൽ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

വഴിയരികിൽ ചോളം വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തിൽ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവർ മദ്യപിച്ച നിലയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പുളിക്കീഴ് പോലീസ് നടപടി സ്വീകരിച്ചു.

Advertisement