കുടുംബത്തിന്റെ ജീവനെടുത്തത് ഓൺലൈൻ ലോൺ?; യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക്

വരാപ്പുഴ: കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്.

മരിച്ച ശിൽപയെ ഓ‍ൺലൈൻ ലോൺ ആപ്പുകാർ കെണിയിൽപ്പെടുത്തിയതാണെന്ന് സൂചന. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിജോയുടെ മാതാവ് പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ മരണശേഷം ശിൽപയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്കു വന്നതോടെയാണ് സംശയം ശക്തമായത്. ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ലോൺ തിരച്ചടവ് മുടങ്ങിയെന്നും എത്രയും പെട്ടെന്ന് തിരച്ചടയ്ക്കണമെന്നും ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങൾ യുവതിയുടെ ബന്ധുക്കളുടെ ഫോണിലേക്ക് ലഭിച്ചത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സന്ദേശത്തോടൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഒരു യുവതിയുടെ ശബ്ദമാണ് സന്ദേശത്തിലുള്ളത്. ഹിന്ദിയിലാണ് സന്ദേശമെങ്കിലും ഹിന്ദി അറിയാവുന്ന ആളെപ്പോലെയല്ല സംസാരിച്ചിരിക്കുന്നതെന്നും പറയുന്നു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവതി ഇത്തരത്തിൽ പണമിടപാട് നടത്തിയതായോ ഭീഷണിയുള്ളതായോ ബന്ധുക്കൾക്ക് അറിവില്ല. എന്നാൽ സാമ്പത്തിക ബാധ്യതയാണു മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. അതേസമയം മരിച്ച നാലു പേരുടെയും സംസ്കാരം ഇന്ന് നടന്നു.

ഇന്നലെയാണ് കടമക്കുടിയിലെ വീട്ടിൽ ദമ്പതികളെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളിയും ഡിസൈനറുമായ നിജോയെ അന്വേഷിച്ചു കൂടെ ജോലി ചെയ്യുന്ന തമ്പി എന്നയാൾ രാവിലെ വീട്ടിൽ എത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. താഴത്തെ നിലയിൽ താമസിക്കുന്ന അമ്മയെയും സഹോദരനെയും വിവരം അറിയിച്ചു. ഇവരും മുകളിലത്തെ നിലയിൽ എത്തി വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കടന്നു. കുഞ്ഞുങ്ങൾ കട്ടിലിൽ അനക്കമറ്റ നിലയിലും നിജോയും ശിൽപയും തൂങ്ങിയ നിലയിലുമായിരുന്നു. വിദേശത്തേക്കു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശിൽപ ഇന്നലെ ഇറ്റലിയിലേക്കു പോകുമെന്നാണ് നാട്ടുകാരെ അറിയിച്ചിരുന്നത്.

Advertisement