കുട്ടനാട്ടിലെ സിപിഎം കൊഴിഞ്ഞുപോക്കിന് തടയിടാൻ അടിയന്തര ഇടപെടലുമായി നേതൃത്വം

ആലപ്പുഴ.കുട്ടനാട്ടിലെ സിപിഎം കൊഴിഞ്ഞുപോക്കിന് തടയിടാൻ അടിയന്തര ഇടപെടലുമായി നേതൃത്വം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ 3 ഏരിയ കമ്മിറ്റി അംഗങ്ങൾ ഒഴികെ സിപിഐ യിലേക്ക് പോയ മുഴുവൻ ആളുകളെയും തിരികെ എത്തിക്കാനാണു ശ്രമം. പാർട്ടി വിട്ടവരെ അനുനയിപ്പിക്കാൻ എച്ച് സലാം എംഎൽഎ ഉൾപ്പെടെ 5 ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കാണ് ചുമതല.

കുട്ടനാട്ടിൽ സിപിഎം വിട്ടുപോയവരെ തിരികെ എത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. സിപിഐ യിൽ ചേർന്നവരെ തിരികെ എത്തിക്കാൻ കാവാലം, രാമങ്കരി, തലവടി, മുട്ടാർ എന്നിവിടങ്ങളിൽ പാർട്ടി നേതാക്കൾ കൂട്ടമായി ഇറങ്ങി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എച്ച് സലാം, മനു സി പുളിക്കൽ,
സി രാജമ്മ, കെഎച്ച് ബാബുജാൻ, ഹരിശങ്കർ എന്നിവർ വെവ്വേറെ പ്രദേശങ്ങളിൽ പാർട്ടി വിട്ടവരെ നേരിൽ കാണാൻ എത്തി. ഫോൺ നമ്പർ ശേഖരിച്ച് വിളിച്ചും അവർ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയുമാണ് നേതാക്കൾ എത്തിയത്. ആദ്യദിവസത്തെ സന്ദർശനത്തിൽ പലരെയും നേരിട്ട് കണ്ടെങ്കിലും തിരികെ എത്താമെന്ന് ഉറപ്പ് ആരിൽ നിന്നും ലഭിച്ചില്ലെന്നാണ് വിവരം. ആറുമാസങ്ങൾക്ക് മുൻപ് തുടങ്ങിയ വിമത നീക്കം ഒഴിവാക്കാൻ ജില്ലാ സെക്രട്ടറി ആര്‍ നാസർ, മന്ത്രി സജി ചെറിയാൻ എന്നിവർ കുട്ടനാട്ടിൽ എത്തി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. കുട്ടനാട്ടിൽ നിന്നും ഏരിയ ജില്ലാ നേതൃത്വങ്ങൾക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചതോടെയാണ് ജില്ലാ നേതൃത്വം ഉണർന്നത്. പക്ഷേ അപ്പോഴേക്കും കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത തരത്തിലേക്ക് എത്തിയിരുന്നു. രാമങ്കരി പഞ്ചാ. പ്രസിഡന്റ്, 5 പഞ്ചായത്ത് അംഗങ്ങൾ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 എല്‍സി അംഗങ്ങൾ, ഏഴ് ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടനയുടെ സംസ്ഥാന നേതാക്കൾ എന്നിവരടക്കം
294 പേരാണ് സിപിഎം വിട്ടു സിപിഐക്ക് അംഗത്വം അപേക്ഷ നൽകിയത്.
ഇതിൽ 169 പേർക്ക് പൂർണ്ണ അംഗത്വവും 53 പേർക്ക് കാനഡേറ്റ് അംഗത്വവും സിപിഐ നൽകിയിരുന്നു


വിഎസ് പിണറായിക്കാലത്ത് സിപിഎമ്മില്‍ ഉണ്ടായിരുന്ന വിഭാഗീയ പ്രശ്നങ്ങളെക്കാൾ കടുത്ത സംഘര്‍ഷാന്തരീക്ഷമാണ് ഇന്ന് കുട്ടനാട്ടിലേത്. ശക്തി കേന്ദ്രങ്ങളായ കുട്ടനാട്ടിലെ പാർട്ടി ഗ്രാമങ്ങളിലിൽ കൊഴിഞ്ഞുപോക്കിന് തടയണയിടാൻ മൂന്നാംഘട്ട അനുനയനീക്കമാണ് സിപിഎം നടത്തുന്നത്

Advertisement