യുവതിയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ നടക്കാവ് ഗ്രേഡ് എസ് ഐക്കെതിരെ നടപടി

Advertisement

കോഴിക്കോട്.കൊളത്തൂരിൽ വച്ച് യുവതിയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ നടക്കാവ് ഗ്രേഡ് എസ് ഐക്കെതിരെ നടപടി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് എസ് ഐ വിനോദ് കുമാറിനെ കോഴിക്കോട് സിറ്റി കമ്മീഷണർ സസ്പെൻഡ് ചെയ്തു. അക്രമത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്

കഴിഞ്ഞദിവസമാണ് കൊളത്തൂരിൽ വച്ച് നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാർ യുവതിയെയും കുടുംബത്തെയും മർദ്ദിച്ചത്. സംഭവത്തിൽ ഗ്രേഡ്
എസ് ഐ വിനോദ് കുമാർ ഉൾപ്പെടെ 4 പേർക്കെതിരെ കാക്കൂർ പോലീസ് കേസെടുത്തിരുന്നു. യുവതിയോട് മോശമായി പെരുമാറി എന്നാണ് പോലീസ് കണ്ടെത്തൽ. സ്ത്രീത്വത്തെ അപമാനിക്കുകയും ആയുധം ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു എന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ പ്രവർത്തിയാണ് എസ്ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തിയിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി കമ്മീഷണർ രാജ്പാൽ മീണ, ഗ്രേഡ് എസ് ഐ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ് ഐ ഒളിവിലാണെന്നും ഇയാൾക്കെതിരെ കാക്കൂർ സ്റ്റേഷനിൽ നേരത്തെയും പരാതി ഉണ്ടെന്നും പൊലീസ് പറഞ്ഞു. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ അത്തോളി സ്വദേശിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വിനോദ് കുമാറിനെയും കൂടെയുള്ളവരെയും മർദിച്ചെന്ന പരാതിയിൽ യുവതിയുടെ ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisement