ഓണം: വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

തിരുവനന്തപുരം: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്കു വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി.

ടിക്കറ്റു നിരക്കു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്തു മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവു മാത്രമേയുള്ളു. ഡൈനാമിക് പ്രൈസിസങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റു ബുക്കു ചെയ്യുക മാത്രമാണ് മാർഗമെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി.

ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. അമിത വിമാനയാത്രാ നിരക്കു നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ചു ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണം എന്നുമാവശ്യപ്പെട്ടു മാർച്ച് 30നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.

Advertisement