25,000 രൂപ പിഴ ചുമത്തി; പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാശ്രമവുമായി ലോറി ‍ഡ്രൈവർ; നാടകീയരംഗങ്ങൾ

Advertisement

കണ്ണൂർ: പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.

ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു.

വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പൊലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും ചെയ്തു. തുടർന്ന് അടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.

പൊലീസ് തന്ത്രപരമായി ഇയാളെ സ്റ്റേഷനു പുറകിലേക്കു മാറ്റി വാഹനം വിട്ടുകൊടുക്കുകയായിരുന്നു. ദേഹത്തു പെട്രോൾ ഒഴിച്ചതിനാൽ, വെള്ളം അടിച്ച് കുളിപ്പിച്ചാണ് ൈഡ്രവറെ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഇയാളിൽ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.

Advertisement