മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്.
പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്.
കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിൻ്റെ വികസനത്തിന് അതുല്ല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും സുരേന്ദ്രന്‍ അറിയിച്ചു.

അർപ്പണബോധമുള്ള ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിൻ്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗം ജനങ്ങളെയും നാടിനെയും നടുക്കിയിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു. അസുഖബാധിതൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേർപാട് അപ്രതീക്ഷിതമാണ്. ശാന്തശീലനും സത്യസന്ധനും നീതിമാനും കരുത്തനായ ഭരണാധികാരിയും രാഷ്ട്രീയഭേദമന്യേ ഏവർക്കും ഉപകാരിയും പൊതുജന സമ്പർക്കം എപ്പോഴും നേരിട്ട് അനുഭവിച്ചിരുന്നതും ആയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. നായർ സർവീസ് സൊസൈറ്റിയുമായി എന്നും അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് നമുക്ക് താങ്ങാനാവാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബ അംഗങ്ങളോടൊപ്പം ഈ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

Advertisement