തായ് കൊണ്ട മത്സരത്തിൽ സ്വർണ്ണം നേട്ടവുമായി അബ്ദുള്ള

കരുനാഗപ്പള്ളി: സംസ്ഥാന കേഡറ്റ് തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കൊല്ലത്തിന് സ്വർണ്ണ മെഡൽ നേട്ടം.
തൃശ്ശൂരിൽ വെച്ച് നടന്ന 25-ാം മത് സംസ്ഥാന കേഡറ്റ് തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ 47-63 കിലോ വിഭാഗത്തിൽ കൊല്ലം ജില്ലയ്ക്ക് വേണ്ടി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി അബ്ദുള്ള എൻ ആണ് സ്വർണ്ണ നേട്ടം കൈവരിച്ചത്.ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുള്ള കല്ലേലിഭാഗം, പൊയ്കയിൽതറയിൽ നവാസിന്റെയും ബീമയുടെയും മകനാണ്.

കഴിഞ്ഞ സംസ്ഥാന സ്കൂൾസ് തായ്ക്വാൻഡോ മത്സരത്തിൽ വെങ്കലമെഡലും അബ്ദുള്ള കരസ്ഥമാക്കിയിരുന്നു. ഇരുപത്തിയഞ്ചാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അബ്ദുള്ള പാലക്കാട് ജില്ലയോടും ആലപ്പുഴ ജില്ലയോടും മത്സരിച്ചാണ് ഫൈനലിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസ് സ്കൂൾ പരിശീലകൻ ശരത് എസ് പി യുടെ കീഴിലായിരുന്നു പരിശീലനം. ജൂലൈ 28 മുതൽ 30 വരെ ലക് നൗവിൽ വച്ച് നടക്കുന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തീവ്രപരിശീലനത്തിലും തയ്യാറെടുപ്പിലുമാണ് അബ്ദുള്ളയെന്ന് സ്കൂളിലെ കായികാധ്യാപകൻ സാബുജാൻ പറഞ്ഞു.

Advertisement