സൗബിനെ ബ്രേക്ക് ഡാൻസ് പഠിപ്പിച്ച ആശാൻ, വിസ്മയിപ്പിച്ച് ജോൺസൺ; 63ാം വയസ്സിലും എന്നാ ഒരിതായെന്ന് സോഷ്യൽമീഡിയ

കൊച്ചി: അറുപത്തിമൂന്നാം വയസിലും ബ്രേക്ക്ഡാൻസ് കളിച്ച് കാണികളെ ഹരംകൊള്ളിക്കുകയാണ് ജോൺസൺ ആശാൻ. ഫോർട്ട് കൊച്ചിയിലെ സൈക്കിൾ മെക്കാനിക്കായ ജോൺസൺ ആശാനിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഏറെക്കാലമായി ഫോർട്ട്കൊച്ചിയുടെ വേദികളിൽ ആശാനെ കാണാം. ഏതു ചെറുപ്പക്കാരെയും ഒരടി പിന്നോട്ട് നിർത്തുന്ന ചടുല താളങ്ങളും ചലനങ്ങളുമായി.

ഫോർട്ട് കൊച്ചി നസ്രത്ത് പള്ളിക്കരികിലെ വീടിനോട് ചേർന്നുള്ള സൈക്കിൾ വർക്ക് ഷോപ്പിൽ തിരക്കിട്ട ജോലിയിലാണ് ജോൺസൺ ആശാൻ. എങ്കിലും മനസ്സിനുള്ളിൽ എന്നും നൃത്തം തന്നെ. അതും സിരകളെ കോരിത്തരിപ്പിക്കുന്ന ബ്രേക്ക് ഡാൻസ്. ഏതൊരു ചെറുപ്പക്കാരനെയും പോലെ കൗമാരത്തിൽ മൈക്കിൾ ജാക്സനിലൂടെയാണ് ജോൺസണാശാന്റെയും ഉള്ളിൽ ഡാൻസ് കുടിയേറിയത്. ഏറെ പ്രശസ്തമായ ത്രില്ലർ കണ്ട് ആവേശം മൂത്ത് ബ്രേക്ക് ഡാൻസ് പഠിച്ച കഥ ഓർക്കുമ്പോൾ ആശാന്റെയുള്ളിൽ ഇന്നും പൂക്കാലമാണ്. അങ്ങനെ കൊച്ചിയുടെ മൈക്കൽ ജാക്സണാകാണമെന്ന ആ​ഗ്രഹം ഡാൻസ് പഠനത്തിലേക്കെത്തിച്ചു. ബ്രേക്ക് ഡാൻസിലെ ച‌ടുലമായ എല്ലാ ചലനങ്ങളും ജോൺസണാശാന് വഴങ്ങി. അങ്ങനെ കൊച്ചിയുടെയും ഫോർട്ട് കൊച്ചിയുടെയും വേദികളിൽ ആവേശത്തിലാറാടിക്കാൻ ജോൺസൺ ആശാന്റെ ബ്രേക്ക് ഡാൻസ് വേണമെന്നായി.

കുടുംബവും കുട്ടികളുമൊക്കെയായി ജീവിത പ്രാരാബ്ധം ഏറിയപ്പോൾ സൈക്കിൾ കടയിലേക്ക് ചെറുതായൊന്ന് ഒതുങ്ങി. ഇതിനിടയിലും സിനിമ നടൻ സൗബിനെ ഡാൻസ് പഠിപ്പിച്ചു. നാട്ടിലെ പള്ളിപ്പെരുന്നാളുകളിൽ തകർത്തു. ഒരുപാട് കുട്ടികൾക്ക് ആവേശമായി. ആശാന്റെ നമ്പറുകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. 63 ആം വയസിൽ പുതിയ കാലത്തെ കുട്ടികളോടൊപ്പം ആശാൻ കാലത്തെ ആടിത്തോൽപ്പിക്കുകയാണ്.

Advertisement