ആശാനും ശിഷ്യ നും ഒരുമിച്ച് കീഴടങ്ങി, കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ മുഖ്യപ്രതിയും പ്രിന്‍സിപ്പലും കീഴടങ്ങി

കാട്ടാക്കട. ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ രണ്ടു പ്രതികളും കീഴടങ്ങി. ഒന്നാം പ്രതി എ. വിശാഖും രണ്ടാം പ്രതി പ്രിൻസിപ്പൽ ജി.ജെ. ഷൈജുവുമാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു

രാവിലെ പത്ത് മണിയോടെയാണ് രണ്ടു പ്രതികളും കാട്ടാക്കട DySP ഓഫീസിൽ എത്തി കീഴടങ്ങിയത്. പ്രതികൾക്ക് എതിരെ വിശ്വാസ വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഒളിവിൽ പോയ എസ്.എഫ്.ഐ നേതാവ് എ.വിശാഖ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ശനിയാഴ്ച തള്ളിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് പ്രതികളുടെ കീഴടങ്ങൽ. അറസ്റ്റ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്വേഷണ സംഘം പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച പെൺകുട്ടിയെ മാറ്റി വിശാഖിനെ തിരുകി കയറ്റുകയായിരുന്നു. വിശാഖിന് എല്ലാ സഹായങ്ങളും ചെയ്തു നൽകിയത് കോളേജ് പ്രിൻസിപ്പൽ ഷൈജു ആണെന്ന ആരോപണം ഉയർന്നിരുന്നു. പ്രാദേശിക സിപിഎം നേതാക്കൾക്കും ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Advertisement