വാർത്താനോട്ടം

2023 ജൂൺ 29 വ്യാഴം

ഇന്നു ബക്രീദ്. എല്ലാവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ബലിപെരുനാള്‍
ആശംസകള്‍

BREAKING NEWS

👉 ടൈറ്റൻദുരന്തം: മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി, പേടകത്തിൻ്റെ ലാൻറ്റിംഗ് കവറും കണ്ടെത്തി.

👉 റഷ്യയുടെ സൈനീകോദ്യോഗസ്ഥനെ കാണാതായി.

👉ജിദ്ദയിലെ യുഎസ് കോൺസുലേറ്റിൽ നടന്ന അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കാറിലെത്തിയ അക്രമിനിറയൊഴിക്കുകയായിരുന്നു.

👉സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ,വ്യാപക മഴയ്ക്ക് സാധ്യത.

👉 രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്; ഇന്നും നാളെയുമാണ് സന്ദർശനം

കേരളീയം

🙏സംസ്ഥാനത്തു പച്ചക്കറിക്കു വന്‍ വിലവര്‍ധന. കിലോയ്ക്ക് 20 രൂപ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്കെല്ലാം വില ഇരട്ടയിലധികമായി. തക്കാളി, കാരറ്റ്, ബീന്‍സ് എന്നിവയ്ക്ക് 80 മുതല്‍ 100 വരെ രൂപയാണു വില. പയര്‍, നേന്ത്രക്കായ, വെണ്ട, പടവലം, കാബേജ്, ബീറ്റ്റൂട്ട് തുടങ്ങിയവയ്ക്ക് അമ്പതു രൂപ. ഇഞ്ചിക്കും പച്ചമുളകിനും 200 രൂപ. തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി എത്തുന്നതു വന്‍തോതില്‍ കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണം.

🙏ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 2,22,377 പേര്‍ പ്രവേശനം നേടി. മൂന്നാം അലോട്മെന്റില്‍ 84,794 പേര്‍ക്കു കൂടി പ്രവേശനം നല്‍കും. സ്‌പോര്‍ട്സ് ക്വാട്ടയില്‍ 3,841 സീറ്റുണ്ട്. ജൂലൈ ഒന്നിനു മൂന്നാം അലോട്ട്മെന്റോടെ 3,11,012 പേര്‍ക്കു പ്രവേശനം ലഭിക്കും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റും മാനേജ്‌മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുമുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ 54,585 സീറ്റുണ്ട്. മൊത്തം 4,27,506 സീറ്റാണുള്ളത്. ഈ വര്‍ഷം എസ് എസ് എല്‍ സി പാസായത് 4,17,944 പേരാണ്. മന്ത്രി പറഞ്ഞു.

🙏ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തില്‍ ധനകാര്യ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് എത്തുന്ന രബീന്ദ്രകുമാര്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. സെക്രട്ടറിമാര്‍ക്കെല്ലാം അധികചുമതലായണു നല്‍കിയത്. ഷര്‍മിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെയും മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അധിക ചുമതല. കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഡോ രത്തന്‍ യു ഖേല്‍ക്കറിനു പരിസ്ഥിതി വകുപ്പിന്റെയും അധിക ചുമതല നല്‍കി.

🙏 പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണറാക്കി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. ബി അബ്ദുള്‍ നാസറിന് സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ കൂടി ചുമതല നല്‍കി. കെ ഗോപാലകൃഷ്ണന് പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. കേരള ട്രാന്‍സ്പോര്‍ട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെ നിയമിച്ചു.

🙏സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. പോലീസിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ച അന്‍സില്‍ ജലീലിനോട് ജൂലൈ ഏഴിനു വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

🙏കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇടപ്പളളി മുതല്‍ അരൂര്‍ വരെ ആറുവരി ആകാശപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി. 16.75 കിലോമീറ്റര്‍ ആകാശപാതയാണു വിഭാവനം ചെയ്യുന്നത്.

🙏ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേര്‍ന്ന് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നുമുള്ള വാര്‍ത്തയ്ക്കു മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലാഭ വിഹിതമായ 552 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ലീഡ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്.

🙏ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണ്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

🙏പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്‌റിനിലേക്കു പോയ രണ്ടു മലയാളി യുവാക്കള്‍ അപകടത്തില്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്.

🙏രണ്ടു കോടിയോളം രൂപ വില വരുന്ന പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡനന്റ് അടക്കം മൂന്നു പേര്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പിടിയില്‍. പത്തനംതിട്ട കോന്നി സ്വദേശി പ്രദീപ് നായര്‍, കോന്നി ഇരവോണ്‍ സ്വദേശിയും പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ ടിപി കുമാര്‍, കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.

🙏മലപ്പുറം ചേളാരിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കൊട്ടേഷന്‍ സംഘത്തിലെ ആറു പേര്‍ പിടിയിലായി. ഐഒസി പ്ലാന്റിനു സമീപം തിരൂര്‍ സ്വദേശികളായ യുവാക്കളെയാണ് കവര്‍ച്ച ചെയ്തത്. കൊണ്ടോട്ടി സ്വദേശികളായ സുജിന്‍, അഴിഞ്ഞിലം സ്വദേശി സുജിത്ത്, വാഴക്കാട് സ്വദേശി സുജീഷ്, സജിലേഷ്, രാമനാട്ടുകര സ്വദേശി മുഹമ്മദ്, ഇജാസ് എന്നിവരാണ് പിടിയിലായത്.

🙏തൃശൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും പിടിയില്‍. ജീവനക്കാരനായ കാണിപ്പയ്യൂര്‍ സ്വദേശി ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ഇയാളുടെ അനുജന്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്.

🙏ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയ പ്രതി കളമശ്ശേരി പൊലീസിന്റെ പിടിയില്‍. ഇടപള്ളി സൗത്ത് വില്ലേ് വെന്നല സെന്റ് മാത്യൂസ് പള്ളിക്ക് സമീപം പുറകേരിതുണ്ടി വീട്ടില്‍ അല്‍ജു (45) ആണ് പിടിയിലായത്.

🙏ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനു ഇരയാക്കിയെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ പിതാവിനെ അറസ്റ്റു ചെയ്തു. അഞ്ചാലുമൂട് തൃക്കരിവ് ഇഞ്ചവിള കഴിയില്‍ വീട്ടില്‍ ഖാലിദ് (55) ആണു പിടിയിലായത്. ഭര്‍ത്താവ് സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്.

🙏തടിയമ്പാട് ടൗണില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികന്‍ മരിച്ചു. കേശമുനി സ്വദേശി നെല്ലിക്കുന്നേല്‍ തോമസ് (86) ആണ് മരിച്ചത്.

🙏കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്കു പരിക്കേറ്റു. കോഴിക്കോടു നിന്ന് കുന്ദമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു.

ദേശീയം

🙏ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു വെടിയേറ്റു. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ആസാദിന്റെ വയറിലാണു വെടിയേറ്റത്. വധശ്രമത്തിനു കാരണമെന്തെന്നും ആരെന്നും വ്യക്തമല്ല. ആരോഗ്യനിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍.

🙏അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതു തടയണമെന്നും ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ജൂലൈ ആറിലേക്കു മാറ്റി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

🙏തമിഴ്നാട്ടിലെ മധുരയില്‍ ബക്രീദ് നമസ്‌കാരം നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്തു സംഭവിക്കുമെന്നും കോടതി ചോദിച്ചു. മുരുക ക്ഷേത്രത്തോടു ചേര്‍ന്നുള്ള തിരുപറകുന്ദ്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടാണ് രാമലിംഗയെന്നയാള്‍ കോടതിയെ സമീപിച്ചത്.

🙏കര്‍ണാടകത്തില്‍ അരിക്കു പകരം പണം നല്‍കാന്‍ തീരുമാനം. ഒരു കിലോ അരിക്ക് 34 രൂപ നിരക്കില്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ അരി നല്‍കാത്തതിനാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി സൗജന്യമായി നല്‍കുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാനാവാത്തതിനാലാണ് പണം ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാന്‍ തീരുമാനിച്ചത്.

🙏ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ഏക സിവില്‍ കോഡാണു വിഭാവനം ചെയ്യുന്നത്. വിപുലമായ ചര്‍ച്ചകള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

🙏ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിലെ കലഹം പരിഹരിക്കാന്‍ ടി എസ് സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കി. നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഹൈക്കമാന്‍ഡിന്റെ അനുനയനീക്കം. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തിനുശേഷം പങ്കിടാമെന്ന ധാരണ പാലിക്കാത്ത ഭൂപേഷ് ബാഗലിനെതിരെ സിങ്ദോ വിമത നീക്കം ശക്തമാക്കിയിരിക്കേയാണ് ഒത്തുതീര്‍പ്പ്.

🙏ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്. ഉച്ചയക്കു രണ്ടരയ്ക്ക് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേര്‍ക്കുന്ന ജോലികള്‍ അടുത്ത ദിവസങ്ങളിലായി പൂര്‍ത്തിയാക്കും.

അന്തർദേശീയം

🙏അറ്റ്ലാന്റിക് സമുദ്രത്തിനടിയില്‍ തകര്‍ന്ന ടൈറ്റന്‍ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിച്ചു. നൂറ്റാണ്ടു മുമ്പു തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 1,600 അടി അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ടൈറ്റന്‍ പൊട്ടിത്തെറിച്ച് മൂന്നു കോടീശ്വരന്മാര്‍ അടക്കം അഞ്ചു പേര്‍ മരിച്ചിരുന്നു.

🙏യുഎഇയിലെ അജ്മാനിലെ അപാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തംമൂലം 256 താമസക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. അജ്മാന്‍ വണ്‍ റെസിഡന്‍ഷ്യല്‍ ടവറിലെ ടവര്‍ രണ്ടിലാണ് തീപിടിച്ചത്. 64 അപ്പാര്‍ട്ട്മെന്റുകളും 10 വാഹനങ്ങളും കത്തിനശിച്ചു.

കായികം

🙏സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ലെബനനും തമ്മില്‍ ഏറ്റുമുട്ടും. മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന ലെബനന്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമിയിലെത്തിയത്. ശനിയാഴ്ച തന്നെ നടക്കുന്ന ആദ്യ സെമിയില്‍ കുവൈത്ത്, ബംഗ്ലാദേശിനെ നേരിടും.

Advertisement