പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാം, നിയമോപദേശം

കണ്ണൂർ . പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാൻഡിങ് കൗൺസലിന്റെ നിയമപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് അസാധുവായെന്നാണ് നിയമോപദേശം.

കണ്ണൂർ സർവ്വകലാശാലയുടെ മലയാളം പഠനവകുപ്പിലെ അസോസിയേറ്റ് പ്രഫസർ നിയമന നടപടികൾ ചാൻസലർ കൂടിയായ ഗവർണർ മരവിപ്പിച്ചിരുന്നു. ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് കണ്ണൂർ സർവകലാശാല നിയമോപദേശം തേടിയത് . നിയമനക്കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയയ്ക്ക് അനുകൂലമായി ഉത്തരവിട്ടതോടെയാണ് സ്റ്റാൻഡിങ് കൗൺസൽ ഐ വി പ്രമോദിന്റെ നിയമോപദേശം തേടിയത്.  ഉത്തരവ് ഇതുവരെ ഗവർണർ റദ്ദാക്കിയിട്ടില്ല. എന്നാൽ ഡിവിഷൻ ബെഞ്ച് ഉത്തരവോടെ ഗവർണറുടെ നടപടി അസാധുവായെന്നാണ് നിയമോപദേശം.

ചാൻസലറെ രേഖാമൂലം അറിയിച്ച ശേഷം നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്നും നിയമോപദേശത്തിൽ പറയുന്നു. പ്രിയക്ക് നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ പ്രിയക്ക് വേഗത്തിൽ നിയമന ഉത്തരവ് നൽകാനാണ് സർവകലാശാലാ നീക്കം. നിയമന ഉത്തരവ് നൽകേണ്ട നടപടിക്രമം മാത്രമാണ് ഇനി അവശേഷിക്കുന്നത്‌.

Advertisement