‘തന്റെ വാദവും കേൾക്കണം’: സുപ്രീംകോടതിയിൽ തടസഹർജിയുമായി പ്രിയ വർഗീസ്

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട കേസിൽ പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ തന്റെ വാദവും കേൾക്കണമെന്നാണ് പ്രിയ വർഗീസിന്റെ ആവശ്യം. തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ഹർജിയിലുണ്ട്.

സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണു പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. കണ്ണൂർ വിസി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്കു കാരണംകാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു.

നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഗവർണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. എന്നാൽ ഈ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

Advertisement