ചവറയിലും ഡെങ്കിപ്പനി മരണം

ചവറ: കൊല്ലത്തും പനി മരണം റിപ്പോര്‍ട്‌്‌ ചെയ്‌തു ചവറ സ്വദേശിയാണ്‌ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്‌.

ചവറ സ്വദേശി അരുണ്‍കൃഷ്‌ണ(33)ആണ്‌ മരിച്ചത്‌. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

fഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണം രണ്ടായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശിനി അഖില (32) ആണ് ഡെങ്കിപ്പനി മൂലം മരിച്ച മറ്റൊരാൾ. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഖിലയുടെ മരണം.

അതിനിടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളിൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിച്ചുവെന്നും ആരോ​ഗ്യപ്രവർത്തകർക്ക് വേണ്ട മുൻകരുതൽ നൽകിയെന്നും മന്ത്രി പറഞ്ഞു.

വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു. വീട്ടിനകത്തെ ചെടിച്ചട്ടികൾ, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകൾ വളരുവാൻ കാരണമാകുന്ന ഇടങ്ങളാണ്. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിർത്താൻ അനുവദിക്കരുതെന്നും ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും ആരോ​ഗ്യവകുപ്പ് പറയുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാൻ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുതലായത്. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മണിപ്ലാന്റ് പോലെ വെള്ളത്തിൽ അലങ്കാരച്ചെടികൾ വളർത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകൾ വളരുന്ന സാഹചര്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

വെള്ളത്തിൽ ചെടി വേണ്ട

വീടുകളിലും മറ്റും മണിപ്ലാന്റും മറ്റ് അലങ്കാരച്ചെടികളും വളർത്താൻ തുടങ്ങിയതോടു കൂടി വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യങ്ങൾ കൂടിയെന്ന് ആരോഗ്യ വിഭാഗം വിലയിരുത്തുന്നു. വീടിനുള്ളിൽ ചെടി വളർത്താതിരിക്കുന്നതാണ് നല്ലത്. വളർത്തുകയാണെങ്കിൽ തന്നെ അവ മണ്ണിട്ട് വളർത്തുകയും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയുകയും വേണം. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ

സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക..

Advertisement