അരിക്കൊമ്പന്‍ പ്രേമം പ്രതിമാരൂപത്തില്‍

ഇടുക്കി.അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയെന്നാരുപറഞ്ഞു. അരിക്കൊമ്പന്‍ പ്രേമം പ്രതിമയായി ചിന്നക്കനാലിലുണ്ട്. അരിക്കൊമ്പനോടുള്ള സ്നേഹം കൊണ്ട് എട്ടടി ഉയരമുള്ള പ്രതിമയാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വെട്ടിക്കാട്ട് ബാബു നിർമ്മിച്ചിരിക്കുന്നത്.

അരിക്കൊമ്പന് ആരാധകരേറെയാണെന്നുള്ളത് പച്ചയായ സത്യമാണ്. സ്നേഹമാണ് ഈ പ്രതിമയ്ക്ക് പിന്നിൽ. അഞ്ചുവർഷം മുമ്പ് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി ഇറക്കി. പെട്ടെന്നൊരു ദിവസം അരിക്കൊമ്പൻ കൃഷിയിടം അപ്പാടെ ചവിട്ടി മെതിച്ചു. എന്നാൽ അതിനു ശേഷം ഇഞ്ചി കൂടുതൽ കരുത്തോടെ വളർന്നുവെന്നും. കൂടുതൽ വിളവു ലഭിച്ചുവെന്നും ബാബു പറയുന്നു. കഞ്ഞിക്കുഴിക്ക് സമീപം തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു, തൻറെ കടക്കു മുൻപിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പൻ പ്രതിമ സ്ഥാപിച്ചത്.

301 കോളനിയിലെ പാട്ടക്കരാർ തീർന്നതോടെ ഇഞ്ചി കൃഷി അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് പ്രിയപ്പെട്ട കൊമ്പന്റെ പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്. 200000 രൂപ ചെലവഴിച്ച പ്രതിമയുടെ ശില്പി പുന്നയാർ സ്വദേശി ബിനു ആണ്. അരിക്കൊമ്പനെ പിടിക്കണമെന്നും കുങ്കിയാനയാക്കണമെന്നും വ്യാപകമായ ആവശ്യമുയർന്ന സമയത്താണ് നിർമ്മാണം തുടങ്ങിയത്. ബാബുവിന്റെ അരിക്കൊമ്പനെ കാണാനും സമീപത്തു നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരാണ് തള്ളക്കാനത്ത് ഇപ്പോൾ എത്തുന്നത്.

Advertisement