അ‍ഞ്ജലിയെ വേണ്ടെന്ന് സ്കൂൾ, വഴിയടഞ്ഞ് ഈ അമ്മ

കാസർകോട്: ‘അവൾ സ്കൂളിലേക്കു പോകുമ്പോൾ വലിയ ആശ്വാസമായിരുന്നു. മറ്റു കുട്ടികൾക്കൊപ്പം കൂടി ചെറിയ മാറ്റം അഞ്ജലിയുടെ സ്വഭാവത്തിലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇല്ലാത്ത പണം മുടക്കി സ്കൂളിൽ വിട്ടിരുന്നത്. ഈ വർഷം മുതൽ വരേണ്ട എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. ഇവിടെയാണെങ്കിൽ ബഡ്സ് സ്കൂളും ഇല്ല,’ ചെങ്കള ഉജ്യംകോട് കല്ലക്കട്ടയിലെ രാജേശ്വരി പറഞ്ഞു തീരുമ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു.

വല്ലാത്തൊരു ധർമസങ്കടത്തിലാണ് ഈ അമ്മ. എൻഡോസൾഫാൻ ദുരിതബാധിതയായ മകൾ അഞ്ജലി കഴിഞ്ഞ 2 വർഷമായി സ്വകാര്യ സ്പെഷ്യൽ സ്കൂളിൽ പോകാറുണ്ടായിരുന്നു. അവധി കഴി‍ഞ്ഞ് ഈ മാസം സ്കൂൾ തുറന്നപ്പോൾ പതിവുപോലെ പോയി. എന്നാൽ മൂന്നാം ദിവസം, നാളെ മുതൽ കുട്ടിയെ അയക്കേണ്ടതില്ലെന്ന് സ്കൂൾ അധികൃതർ രാജേശ്വരിയെ അറിയിച്ചു. അ‍ഞ്ജലി ചില സമയങ്ങളിൽ മറ്റു കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്നതായിരുന്നു കാരണം. നേരത്തെ ഉണ്ടായിരുന്ന ഒരു അധ്യാപിക പിരിഞ്ഞു പോയെന്നും അതുകൊണ്ടു ജീവനക്കാർ കുറവായതിനാൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

ബോവിക്കാനം ബഡ്സ് സ്കൂളിലേക്ക് അയക്കാമെന്നു വച്ചാൽ ഓട്ടോറിക്ഷ വാടക താങ്ങാനാവില്ല. കുടുംബശ്രീ വഴി കാസർകോട് കോടതിയിൽ ലഭിച്ച താൽക്കാലിക ജോലിയാണു രാജേശ്വരിയുടെ വരുമാനം. ജോലിക്കു പോകുമ്പോൾ മകളെ മുറിയിലാക്കി പൂട്ടിയാണു പോകുന്നത്. ഇവർക്കു പുറമെ പ്രായമായ അമ്മ മാത്രമാണു വീട്ടിലുള്ളത്.

Advertisement