ശുദ്ധ ജല തടാകം ശുദ്ധീകരിക്കാനെന്ന പേരില്‍ വന്‍കൊള്ളയ്ക്ക് കളമൊരുങ്ങുന്നു

തടാകത്തില്‍ അടിഞ്ഞു കൂടിയ ചെളിനീക്കം ചെയ്യുന്നതിന് ഒരു കോടിരൂപ അനുവദിച്ചതായി മന്ത്രിയുടെ അറിയിപ്പ്

ശാസ്താംകോട്ട. ശുദ്ധ ജല തടാകം ശുദ്ധീകരിക്കാനെന്ന പേരില്‍ വന്‍കൊള്ളയ്ക്ക് കളമൊരുങ്ങുന്നു. തടാകത്തിന്റെ പുനരുദ്ധാരണത്തിനായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അഭ്യര്‍ഥനമാനിച്ച് ഒരു കോടി രൂപ അനുവദിച്ചതായാണ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ നിന്നും അറിയിച്ചിരിക്കുന്നത്. തടാകത്തില്‍ അടിഞ്ഞു കൂടിയ ചെളിനീക്കം ചെയ്യുന്നതിനാണ് ഈ പണം അനുവദിച്ചതെന്ന് അറിയിപ്പില്‍ പറയുന്നു.

ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചെളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും ഹൈഡ്രോളജി വിഭാഗം കണ്ടെത്തിയിരുന്നു. ബാത്തിമെട്രിക് സര്‍വേയിലാണ് തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയതോതില്‍ ചെളി അടിഞ്ഞതായി കണ്ടെത്തിയത്.

ഇതുമൂലം ശരാശരി ആഴം 15 മീറ്ററായി കുറഞ്ഞു. നീരുറവകള്‍ നശിച്ചതാണ് വേനല്‍ക്കാലത്ത് ജലനിരപ്പ് വലിയതോതില്‍ താഴുന്നതിന് കാരണം. നേരത്തെ നീരുറവകള്‍ വഴി തടാകത്തിലേക്ക് വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി തടാകം വൃത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതാണ് അറിയിപ്പില്‍ പറയുന്നത്.


പടിഞ്ഞാറേകല്ലടയില്‍ ചെളിയും കരമണലും ഖനനം ചെയ്ത് നാടിനെ നാശത്തിലെത്തിച്ച ഖനനമാഫിയയുടെ അജണ്ടയാണിത് എന്ന് ഇതിനായി ഓരോതവണയും ശ്രമം ഇണ്ടായിട്ടുള്ളപ്പോഴും ശക്തിയുക്തം അതിനെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.ഈ തടാകത്തിന്‍റെ സ്വാഭാവിക ജലശുദ്ധി നിലനിര്‍ത്തുന്നത് അതിന്റെ അടിത്തട്ടിലെ ചെളിയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്, സെസ്, സിഡബ്‌ളിയു ഡിആര്‍എം എന്നിവ പല ഘട്ടങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി പറയുന്നപോലെ തടാകത്തില്‍ അറിയപ്പെട്ട ഒരു പഠനം നടന്നിട്ടില്ല. തടാക സംരക്ഷണ സമിതി അതി ദീര്‍ഘമായ സമരപ്രക്ഷോഭവും അതിനുശേഷം ഒരു മാസം നീണ്ട നിരാഹാരസമരവും നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ വിദഗ്ധരാല്‍ നടത്തിയ പഠനമാണ് മാനേജുമെന്‌റ് ആക്ഷന്‍പ്‌ളാന്‍(map)അതില്‍ വലിയ ഒരു പഠനവും തല്‍ക്കാലം ആവശ്യമായിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്ത്തകര്‍ പറയുന്നു.

മാത്രമല്ല 1997മുതല്‍ 2013വരെയാണ് വലിയ വരള്‍ച്ച നടന്നത്. പടിഞ്ഞാറേകല്ലടയിലെ ഖനനം ശാശ്വതമായി നിര്‍ത്തലാക്കിയതിന്റെ ഗുണം തടാകത്തിന് പിന്നീട് ലഭിച്ചുവെന്നു വേണം കരുതാന്‍ വലിയ വരള്‍ച്ച പിന്നീട് ഉണ്ടായില്ല. 2018പ്രളയകാലത്തിനുശേഷം ഒരിക്കലും തടാകത്തിലെ ജലനിരപ്പ് ആശങ്കയുണ്ടാകും വിധം വേനലില്‍പോലും താണിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തുന്ന നീക്കം വലിയ കൊള്ളക്കുവേണ്ടി മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
വലിയ ജനകീയപ്രക്ഷോഭം മറികടന്നുമാത്രമേ ഇത്തരമൊരു നീക്കം നടക്കുകയുള്ളുവെന്നും സൂചനയെത്തിക്കഴിഞ്ഞു.

Advertisement