നാളെ മുതൽ പ്രത്യേക പനി ക്ലിനിക്കുകൾ; പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:
മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളിൽ നാളെ മുതൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും പനി ക്ലിനിക്കുകൾ ആരംഭിക്കുക. പനി വാർഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ മെഡിക്കൽ ഓഫീസർമാരും ഇത് ഉറപ്പ് വരുത്തണം

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ച പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു. വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കണം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, കോളറ, ഷിഗല്ല, എച്ച് 1 എൻ 1 എന്നിവക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോക്കോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

Advertisement