രാവിലെ തഹസില്‍ദാര്‍,വൈകിട്ട് റിട്ട. തഹസില്‍ദാര്‍

ആലുവ.രാവിലെ തഹസില്‍ദാര്‍,വൈകിട്ട് റിട്ട തഹസില്‍ദാര്‍. വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആലുവ താലൂക്ക് റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ.റാഷ് മോന് തഹസില്‍ദാരായി ഉദ്യോഗക്കയറ്റം. ഹൈക്കോടതിയില്‍ കേസ് നിലനിന്നതിനാലാണ് ഒരു വര്‍ഷം മുമ്‌ബേ ലഭിക്കേണ്ട പ്രൊമോഷന്‍ അവസാന മണിക്കൂറിലേക്ക് ചുരുങ്ങിയത്.

പി.ഡബ്‌ളിയു.ഡി ലാന്‍ഡ് അക്വിസിഷന്‍ എറണാകുളം യൂണിറ്റിന്റെ അങ്കമാലി ഓഫീസില്‍ സ്പെഷ്യല്‍ തഹസില്‍ദാരായിട്ടായിട്ടായിരുന്നു നിയമനം. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സ്ഥാനക്കയറ്റ ഉത്തരവ് ലഭിച്ചത്. ഇന്നലെ രാവിലെ അങ്കമാലി സിവില്‍ സ്റ്റേഷനിലെ ഓഫീസിലെത്തി ചുമതലയേറ്റു. 27 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി വൈകിട്ട് വിരമിച്ചു.

പുതിയ കസേരയില്‍ ഒരു ദിവസമേ ഇരിക്കാനായുള്ളൂവെങ്കിലും കാത്തിരുന്ന പദവി ലഭിച്ച സംതൃപ്തിയിലാണ് റാഷ് മോന്‍.മുടിക്കല്‍ ചീരക്കാട്ടില്‍ വീട്ടില്‍ റാഷ് മോന്‍ ആലുവ താലൂക്കില്‍ വില്ലേജ് അസിസ്റ്റന്റായിട്ടാണ് സര്‍വീസിലെത്തുന്നത്. 24 വര്‍ഷവും ഇതേ താലൂക്കില്‍ ജോലി ചെയ്തു. റാഷ്മോനോടൊപ്പം തൃശൂര്‍ കെ.എസ്.എഫ്.ഇ റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജിനും അവസാന മണിക്കൂറില്‍ സ്ഥാനക്കയറ്റം ലഭിച്ചു. ചാവക്കാട് എല്‍.ആര്‍ തഹസില്‍ദാരായിട്ടാണ് നിയമനം.

Advertisement