പൂരപ്പറമ്പിനെ ആവേശക്കടലാക്കി തെക്കോട്ടിറക്കം; കുടമാറ്റം കാണാന്‍ ജനസഹസ്രം

തൃശൂർ: പൂരാവേശത്തില്‍ തൃശൂര്‍. തെക്കോട്ടിറക്കം പൂരപ്പറമ്പിനെ ആവേശക്കടലാക്കി. വർണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം ഉടൻ.

പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റുന്നത്. ഇരു ഭഗവതിമാരും മുഖാമുഖം നോക്കി നിൽക്കുമ്പോൾ ഇരുവശത്തെയും ആനച്ചന്തം നോക്കിക്കാണാൻ ജനം തിക്കിത്തിരക്കുകയാണ്. 15 കൊമ്പൻമാരാണ് ഇരുവശവും. ആനപ്പുറത്ത് കുടകൾ പലവിധം മാറിമാറി നിവരുമ്പോൾ പൂരപ്പറമ്പു നിറഞ്ഞ ജനം ആർപ്പുവിളിക്കും. ഇരുവശവും ഒന്നിനൊന്നു മികവാർന്ന കുടകൾ നിവർത്തി മത്സരിച്ചുള്ള കുടമാറ്റം അവർക്ക് ഇനി ഒരാണ്ടത്തേക്കു മനസ്സിൽ സൂക്ഷിക്കാനുള്ള കാഴ്ചയാണ്.

കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം നാലരയോടെ അവസാനിച്ചു. ആയിരക്കണക്കിന് പൂരപ്രേമികളാണ് വരവേറ്റത്. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആണ് പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.

ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്.

രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാ‍ടിയുടെ മഠത്തിൽവരവു സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. പിന്നെ അധികം ഇടവേളയില്ല. തിങ്കൾ പുലർച്ചെ മൂന്നിന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.

Advertisement