പ്രധാനമന്ത്രിയുടെ സന്ദർശനം: ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം; 30 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി കേരളാ ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം രൂപ. ഈ പണം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് ഡയറക്ടർ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. ചെലവായ 95 ലക്ഷം രൂപയിൽ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കി.

ഈ മാസം 24 ന് വൈകീട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊച്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു. തുടർന്ന് ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി. കൊച്ചി വില്ലിങ്ടൺ ഐലനറിലെ താജ് മലബാർ ഹോട്ടലിൽ താമസിച്ച അദ്ദേഹം 25 ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

തിരുവനന്തപുരത്ത് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കേരളാ സന്ദർശനത്തിലെ പ്രധാന അജണ്ട. പിന്നീട് തിരുവനന്തപുരത്ത് വെച്ച് തന്നെ കൊച്ചി വാട്ടർ മെട്രോ പദ്ധതി, ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം, വിവിധ റെയിൽവെ സ്റ്റേഷനുകളുടെ വികസന പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് തന്നെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുകയും ചെയ്തു.

പരിപാടിക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത് വഴിയാണ് വിനോദ സഞ്ചാര വകുപ്പിന് 95 ലക്ഷത്തോളം രൂപ ചെലവായത്. ചെലവായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൂറിസം വകുപ്പ് ഡയറക്ടർ ധനവകുപ്പിന് നേരത്തേ കത്ത് നൽകിയത്. 30 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന ധനവകുപ്പ് അവശേഷിക്കുന്ന 65 ലക്ഷം രൂപ എപ്പോൾ അനുവദിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.

Advertisement