പിഎസ് സി ചോദ്യപേപ്പര്‍ ചോർത്തിയ കേസിലെ കുറ്റപത്രം കോടതി അംഗീകരിച്ചു, പ്രതികൾ ജൂൺ 20ന് ഹാജരാകണം

തിരുവനന്തപുരം:എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ട പിഎസ് സി ചോദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ആദ്യം സമർപിച്ച കുറ്റപത്രത്തിലെ സാങ്കേതിക പിഴവകൾ പരിഹരിച്ച് ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2019 ജൂലൈ 22ന് പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികൾ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് 1,2,28 എന്നീ റാങ്കുകൾ കരസ്ഥമാക്കിയത് എന്നാണ് കേസ്. ഐ. റ്റി നിയമം, വഞ്ചന ഗുഢാലോചന തുടങ്ങി ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

എസ്.എഫ്.ഐ മുൻ നേതാക്കളായ ശിവരഞ്ജിത്,നസീം, പ്രണവ് ,മുൻ പോലീസ് കോൺസ്റ്റബിൾ കൂടിയായ ഗോകുൽ,സഫീർ, എന്നിവരാണ് കേസിലെ പ്രതികൾ ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ പരീക്ഷ എഴുതിയ ജില്ലയിലെ വിവിധ പി.എസ്.സി കേന്ദ്രങ്ങളിലെ നിരീക്ഷകരെ കുറ്റപത്രത്തിൽ നിന്നും ഒഴുവാക്കിയിരുന്നു.

Advertisement