പ്രണയത്തിലായിരുന്നില്ല; മോശം വിഡിയോകൾ അയച്ചു, ശല്യം ചെയ്തു: അറസ്റ്റിലായ യുവതിയുടെ അമ്മ

വർക്കല: പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മർദ്ദിച്ച സംഭവത്തിൽ, മകൾ ക്വട്ടേഷൻ നൽകിയതല്ലെന്ന് അറസ്റ്റിലായ ലക്ഷ്മിപ്രിയയുടെ അമ്മ. മകൾ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് മകളെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ മോശം വിഡിയോകൾ അയച്ചു. ഇത് ഒഴിവാക്കാൻ മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അമ്മ വെളിപ്പെടുത്തി.

‘‘എന്റെ മകൾ ആ പയ്യനെ അടിക്കാൻ വേണ്ടി ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല. അവർ രണ്ടു പേരും ഒരേ പ്രായക്കാരാണ്. സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ആ പയ്യൻ മകളെ ശല്യം ചെയ്യാൻ തുടങ്ങി. മോശം വിഡിയോയൊക്കെ അയയ്ക്കുമായിരുന്നു. വളരെ മോശപ്പെട്ട രീതിയിൽ സംസാരിക്കും. അത് ഒഴിവാക്കാൻ അവൾ സുഹൃത്തുക്കളോടു പറഞ്ഞു. അതിനാണ് അവർ വന്നത്. അവരാണ് ആ പയ്യനെ മർദ്ദിച്ചത്. അല്ലാതെ മകൾ ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല. അവൾ അത്തരക്കാരിയല്ല. നല്ലൊരു കലാകാരിയാണ്. അവളെ പഠിപ്പിച്ച അധ്യാപകരോടു ചോദിച്ചാൽ അറിയാം.’ – ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.

അതേസമയം, മകനെ മോചിപ്പിക്കാൻ മുഖ്യ പ്രതിയായ യുവതി പണം ആവശ്യപ്പെട്ടതായി യുവാവിന്റെ പിതാവ് ആരോപിച്ചു. പിടിയിലായ ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് മകനെ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് വെളിപ്പെടുത്തി. പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

‘‘വാഹനത്തിലുള്ളിൽവച്ച് അവർ അവനെ ക്രൂരമായി മർദ്ദിച്ചു. അതിനിടെ കഴുത്തിൽക്കിടന്ന മാലയും വാച്ചും പണവും അവന്റെ കയ്യിൽനിന്ന് പിടിച്ചുവാങ്ങി. അതിനുശേഷം കറുത്ത തുണിയിട്ട് മുഖം മുഴുവൻ മറച്ചു. അവിടെനിന്ന് ഒരു പഴയ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചും ക്രൂരമായി മർദ്ദിച്ചു. ഭാരമുള്ള വടി വച്ചാണ് അടിച്ചത്. ഇതിനിടെ ഷോക്കടിപ്പിക്കുകയും ചെയ്തു. അതിന്റെ വിഡിയോയെല്ലാം അവർ എടുത്തിട്ടുണ്ട്. മകൻ ഇതുവരെ ഈ അതിക്രമത്തിന്റെ ഷോക്കിൽനിന്ന് മോചിതനായിട്ടില്ല’ – പിതാവ് പറഞ്ഞു.

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി.

സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. ലക്ഷ്മിപ്രിയ അടക്കം എട്ടു പേർക്കെതിരെ ‍പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറു പേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement