അനീമിയ കാരണങ്ങളും പരിഹാരങ്ങളും

അനീമിയയുടെ കാരണം പലത്.
കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവം, ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം, പ്രസവ സമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങള്‍, ദീര്‍ഘകാല രോഗങ്ങള്‍, അര്‍ശസ്, കാന്‍സര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അനീമിയ ഉണ്ടാകാം.
അനീമിയ എങ്ങനെ കണ്ടെത്താം?
രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. പുരുഷന്മാരില്‍ ഇത് 13 മുതല്‍ 17 വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമാണ്. ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം.
അനീമിയ എങ്ങനെ തടയാം
· ഗര്‍ഭകാലത്ത് അയണ്‍ ഫോളിക് ആസിഡ് ഗുളിക കഴിക്കുക
· കൗമാരപ്രായക്കാര്‍ അയണ്‍ ഫോളിക് ആസിഡ് ഗുളിക ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ഭക്ഷണത്തിന് ശേഷം കഴിക്കുക
· 6 മാസത്തിലൊരിക്കല്‍ വിരശല്യത്തിനെതിരെയുള്ള ഗുളിക കഴിക്കുക
· ഇരുമ്പ് സത്തും വിറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക.
· ആഹാര സാധനങ്ങളോടൊപ്പം ചായ, കാപ്പി തുടങ്ങിയവ കുടിക്കരുത്.
· വീടിന് പുറത്തിറങ്ങുമ്പോള്‍ പാദരക്ഷ ഉപയോഗിക്കുക
· മലമൂത്രവിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക
· ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയവ
മുരിങ്ങയില, ചീര, പയര്‍ ഇല, അഗത്തിച്ചീര, ചേമ്പില, കാബേജ്, തുടങ്ങിയ പച്ചക്കറികള്‍, തവിടോട് കൂടിയ ധാന്യങ്ങള്‍, മുളപ്പിച്ച കടലകള്‍, പയറുവര്‍ഗങ്ങള്‍, ശര്‍ക്കര, മാംസം, മത്സ്യം, കോഴി, ആട്, മാട് എന്നിവയുടെ കരള്‍ തുടങ്ങിയവയില്‍ ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്.
അനീമിയ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

Advertisement