അറിയാം തേവലക്കര മാര്‍ത്തമറിയം ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ ചരിത്രം, മാര്‍ ആബോയെ കുറിച്ചും……

തേവലക്കര: എഡി നാലാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ദേവാലയമാണ്‌ തേവലക്കര മാര്‍ത്തമറിയം ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി. ഇവിടെ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാര്‍ ആബോയാണ്‌ ഈ ദേവാലയത്തെ വിശിഷ്ടമാക്കുന്നത്‌.

മാര്‍ ആബോ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും പത്താം നൂറ്റാണ്ടിന്റെ ആദ്യ കാലത്തുമാണ്‌ പരിശുദ്ധ മാര്‍ ആബോ മലങ്കരയിലേക്ക്‌ വരുന്നത്‌. ആദ്യം കടമറ്റത്ത്‌ പള്ളി സ്ഥാപിച്ചു. അതിന്‌ ശേഷം കടമറ്റത്ത്‌ അച്ചനെ അവിടുത്തെ ശുശ്രൂഷകള്‍ക്കായി നിയോഗിച്ചു. അവിടെ നിന്നാണ്‌ അദ്ദേഹം തേവലക്കരയില്‍ എത്തുന്നത്‌. തേവലക്കരയില്‍ അദ്ദേഹം കബറടങ്ങി. ആ കബറുകൊണ്ടാണ്‌ ഈ ദേവാലയം ശ്രേഷ്‌ഠമായി മാറുന്നത്‌. അദ്ദേഹത്തിന്റെ തിരുശേഷിപ്പാണ്‌ കടമറ്റത്ത്‌ ദേവാലയത്തിന്റെ ഭിത്തിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌

അദ്ദേഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധേയമാണ്‌. ഫോട്ടോഗ്രഫി വികസിച്ചിട്ടില്ലാത്ത കാലമാണ്‌ അത്‌, എന്നാല്‍ തേവലക്കരക്കാരനായ കിഴക്കേവീട്ടില്‍ കെ തോമസ്‌ അഥവാ ബാബുച്ചായന്‍ എന്നയാള്‍ക്ക്‌ ദര്‍ശനമുണ്ടാകുകയും ആ ദര്‍ശനം വച്ച്‌ വരയ്‌ക്കാന്‍ തുടങ്ങുകയുമായിരുന്നു. ചിത്രകലയുടെ വൈദഗ്‌ദ്ധ്യമൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹം മാര്‍ ആബോയുടെ മിഴിവുറ്റ ഒരു ചിത്രം വരച്ചു. അതാണ്‌ തേവലക്കര പള്ളിയില്‍ വച്ചിരിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം. തൊടുപുഴയിലെ ഒരു പെണ്‍കുട്ടി ഒരു ദിവസം തനിക്ക്‌ സ്വപ്‌നദര്‍ശമുണ്ടായ ദേവാലയത്തില്‍ പോകാന്‍ ബഹളം വച്ചു. അറിയാവുന്ന ഇടങ്ങളിലെല്ലാം പോയി. ആരോ പറഞ്ഞറഞ്ഞ്‌ തേവലക്കരയിലും എത്തി. ദേവാലയത്തിന്‌ അകത്ത്‌ കയറി ഈ ചിത്രം കണ്ടപ്പോള്‍ ഈ പെണ്‍കുട്ടി കണ്ണീരോടെ പ്രാര്‍ത്ഥിച്ച്‌ കബറില്‍ വീണ്‌ ബോധരഹിതയായി. ഞാന്‍ സ്വപ്‌നത്തില്‍ കണ്ട രൂപം ഇതാണ്‌ എന്നാണ്‌ ഉണര്‍ന്നെഴുന്നേറ്റ ആ പെണ്‍കുട്ടി പറഞ്ഞത്‌.

മാര്‍ ആബോ ദര്‍ശനം നല്‍കിയ ആ രൂപം മറ്റൊരു നാട്ടില്‍ മറ്റൊരു മതവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി കണ്ട്‌ അത്‌ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ ഇപ്പോഴും ഈ പള്ളിയിലെത്തി ആരാധന നടത്തുന്നു. പരിശുദ്ധ മാര്‍ ആബോ ഈ കബറിടത്തില്‍ വരുന്ന ഓരോരുത്തര്‍ക്കും ഓരോ അനുഭവമാണ്‌ സമ്മാനിക്കുന്നത്‌. ഇത്തരത്തില്‍ ആയിരക്കണക്കിന്‌ അനുഭവസ്ഥര്‍ ഇക്കാര്യം വ്യക്തിമാക്കുന്നു. മാരക അസുഖങ്ങള്‍ ബാധിച്ചവര്‍ ഈ കബറിടത്തിലെത്തി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ അത്ഭുതകരമായ അനുഭവങ്ങള്‍ വിവരിക്കുന്നു.

ഈ നാട്ടില്‍ അദ്ദേഹമെത്തുമ്പോള്‍ ഇതൊരു അന്ധവിശ്വാസം നിറഞ്ഞ നാടായിരുന്നു. അതില്‍ നിന്ന്‌ അവരെ രക്ഷപ്പെടുത്തുന്നതില്‍ മാര്‍ ആബോ വഹിച്ച പങ്ക്‌ ചെറുതല്ല. പരിശുദ്ധനായ മാര്‍ ആബോയുടെ കബറിടത്തില്‍ പല മതസ്ഥരും വരുന്നു, കേരളത്തിലെ എല്ലാ സഭകളുടെയും പിതൃസ്ഥാനത്ത്‌ ഉള്ള ആളാണ്‌ മാര്‍ ആബോ.

Advertisement