12.75 കി.മീ. നീളം, 26 മീറ്റർ വീതി; അരൂർ മുതൽ തുറവൂർ വരെ വരുന്നത് രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപാത

അരൂർ: രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപാത നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും മാർച്ച് അവസാനത്തോടെ പൂർത്തിയാകും. തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ പാതയാണിത്. നേരത്തെ പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. സർവേ നടപടികൾ അടുത്തമാസം 10നു മുൻപ് പൂർത്തിയാക്കും. തുടർന്ന് അന്തിമ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും.

ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ, മതിലുകൾ ഉൾപ്പെടെയുള്ള നിർമിതികൾ, മരങ്ങൾ, കൃഷി വിളകൾ, കിണറുകൾ എന്നിവയുടെയും നഷ്ടപരിഹാര നിർണയം മാർച്ച് 15നു മുൻപ് പൂർത്തിയാക്കും. തുടർന്നു ഭൂ ഉടമകളുടെ അക്കൗണ്ടിലേക്കു നഷ്ടപരിഹാരം കൈമാറും.

ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പുരോഗതി ഈ യോഗത്തിൽ അറിയിക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. റോഡിന്റെ നിലവിലുള്ള വീതിയിൽ തന്നെയാണ് ഉയരപാത നിർമിക്കുന്നത്. പ്രധാന ജംക്‌ഷനുകളിൽ മാത്രമാണ് അധികം ഭൂമി വേണ്ടിവരുന്നത്.

പാതയിലേക്കു വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നതിനാണിത്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് വില്ലേജുകളിലെ 1.724 ഏക്കർ ഭൂമിയാണ് വേണ്ടത്. ആകെ 46 സർവേ നമ്പരുകളിലെ ഭൂമി ഇതിൽ ഉൾപ്പെടും. ചില വില്ലേജുകളിലെ റീ സർവേ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനാൽ ഏറ്റെടുക്കേണ്ട സ്ഥലം കുറവാണെങ്കിലും സർവേ നടപടികൾക്കു കാലതാമസമുണ്ടാകും.

26 മീറ്റർ വീതിയിൽ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ഉയരപാതയിലുണ്ടാവുക. 1,668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിയാണു നിർമാണക്കരാർ ഏറ്റെടുത്തത്. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വ‍ലിയ തൂണുകൾ സ്ഥാപിച്ചാണ് ഉയരപാത നിർമിക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒറ്റത്തൂണിലായിരിക്കും പാത.

Advertisement