മണലാഴം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യാവുന്ന പരിസ്ഥിതി നോവല്‍, ഭാഷയും പ്രയോഗങ്ങളും കൊണ്ട് ഇടയ്ക്കിടെ നമ്മെ അതിശയിപ്പിക്കുന്നു

Advertisement

സിബി സത്യന്‍

1835 ല്‍ മാര്‍ക്‌സിയന്‍ കടുംപിടുത്തങ്ങള്‍ക്കെതിരെയാണ് തിയോഫൈല്‍ ഗോച്ചിയെ കല കലയ്ക്കുവേണ്ടി (Art for art’s sake) എന്ന പ്രയോഗം രൂപപ്പെടുത്തിയത്. യൂറോപ്പിലെ കൂറേ സാഹിത്യകാരന്‍മാര്‍ അത് ഏറ്റുപിടിച്ചെങ്കിലും ഫെഡറിക് നീഷേ അടക്കമുള്ള പിന്നീടുള്ള ചിന്തകന്മാര്‍ പിന്നീട് അത്തരൊമൊരു വാദഗതിയെ സമ്പൂര്‍ണമായും തള്ളിപ്പറയുകയുണ്ടായി. കലയ്ക്ക് എല്ലാക്കാലത്തും കൃത്യമായ രാഷ്ട്രീയവും ലക്ഷ്യവുമുണ്ടെന്നത് ഇപ്പോള്‍ സംശയലേശമെന്യേ അംഗീകരിക്കപ്പെടുന്ന സംഗതിയാണ്.

എന്നാല്‍ സാഹിത്യത്തിലേക്ക് പരിസ്ഥിതി കടന്നുവരാന്‍ പിന്നെയും സമയമെടുത്തു. 1972 ല്‍ ജോസഫ് മീക്കറാണ് Literary Ecology എന്ന വിവക്ഷ ആദ്യമായി കൊണ്ടുവരുന്നത്. 1978 ല്‍ William Rueckert ‘Ecocriticism’ എന്ന നിലയിലേക്ക് അതിനെ വിപൂലീകരിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് Francoise d’Eaubonne എന്ന ഫ്രഞ്ച് ഫെമിനിസ്റ്റ് Ecofeminism എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്.

യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ഇത്തരം പല വീക്ഷണകോണുകളിലൂടെ അളക്കപ്പെട്ടുവെങ്കിലും മലയാളത്തില്‍ പരിസ്ഥിതിയെക്കുറിച്ച് എഴുതപ്പെട്ടതോ ആ കാഴ്ചപ്പാടില്‍ വായിക്കപ്പെട്ടതോ ആയ നോവലുകള്‍ ചുരുക്കമാണ്. അംബികാസുതന്‍ മാങ്ങാടിന്റെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പശ്ചാത്തലത്തിലുള്ള കൃതി ‘എന്‍മകജെ’ വേറിട്ടു നില്‍ക്കുന്നു.

സുഹൃത്തും പത്രപ്രവര്‍ത്തകനുമായ ഹരി കുറിശേരിയുടെ ‘മണലാഴം’ എന്ന നോവല്‍ സമാനമായ പരിസ്ഥിതി പശ്ചാത്തലത്തില്‍ വായിച്ചു പോകണ്ട ഒന്നാണ്. കല്ലടയിലെ കരമണല്‍ ഖനനം ഒരു നാടിന്റെ വേരറുക്കുക മാത്രമല്ല കൊല്ലം ജില്ലയിലൊട്ടാകെ ജലമെത്തിക്കുന്ന ശാസ്താം കോട്ട ശുദ്ധജല തടാകത്തിന്റെ ജലസ്രോതസുകള്‍ കൂടി തകര്‍ത്തെറിഞ്ഞ വലിയൊരു പരിസ്ഥിതി പ്രശ്‌നമായിരുന്നു. മാഫിയയും സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും ആ ചൂഷണത്തിലും കൊള്ളയിലും പങ്കു കൊണ്ടപ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. ചെറുപ്പക്കാര്‍ ചുഷണത്തില്‍ പങ്കുപറ്റി നാടിനെ ഒറ്റിക്കൊടുക്കുമ്പോള്‍ വികലാംഗരും വൃദ്ധരുമടക്കമുള്ളവര്‍ പൊരുതുകയാണ്. ഇത് ഒരു കഥയല്ല. ഒരു നാടിന്റെ യഥാര്‍ഥ സമരങ്ങളില്‍ നിന്ന് ചീന്തിയെടുത്ത ഒരേടാണ്. ഓരു വെള്ളത്തിന്റെ മുഴുവന്‍ ചുവയും ഓരോ വരികളിലുമുണ്ട്.

മണലാഴം ഇംഗ്ളീഷ് പതിപ്പിന്‍റെ പ്രകാശനം കവി ചവറ കെഎസ് പിള്ളയില്‍നിന്നും ആദ്യ കോപ്പി സ്വീകരിച്ച് സിബി സത്യന്‍ നിര്‍വഹിക്കുന്നു

അയത്നലളിതമായി വായിച്ചു പോകാവുന്ന ഈ നോവല്‍ അതിന്റെ ഭാഷയും പ്രയോഗങ്ങളും കൊണ്ട് ഇടയ്ക്കിടെ നമ്മെ അതിശയിപ്പിക്കുന്നുണ്ട്. കൊല്ലത്തിന്റെ തനതു ഭാഷയും പ്രയോഗങ്ങളും മാത്രമല്ല, പരിസ്ഥിതിയുടെ രാഷ്ട്രീയവും പരിസ്ഥിതിയുടെ സ്ത്രീപക്ഷവും ഒരുപോലെ സമന്വയിക്കുമ്പോളാണ് ഇത് അസാധാരണമായ കയ്യടക്കത്തോടെ ഒരു നാടിന്റെയും പരിസ്ഥിതിയുടെയും ചരിത്രം കൂടിയാകുന്നത്. ഈ നോവല്‍ പല മാനങ്ങളില്‍ വായിക്കപ്പെടേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആദ്യകൃതിയെന്നു തോന്നിക്കാത്ത നിലയില്‍ ഇത് പല പരിമിതികളേയും മറികടക്കുന്നുണ്ട്.

മണലാഴത്തിന്റെ ഇംഗ്‌ളീഷ് പതിപ്പ് ‘Manalazham’ എന്ന പേരില്‍ ഡോ. സന്തോഷ് അലക്‌സ് വിവര്‍ത്തനം ചെയ്തു പുറത്തിറക്കി. ഡല്‍ഹി ഓതേഴ്‌സ് പബ്‌ളിക്കേഷനാണ് പ്രസാധകര്‍. അതിന്റെ ആദ്യപതിപ്പ് പ്രശസ്ത കവി ചവറ കെ.എസ് പിള്ളയില്‍ നിന്ന് ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി. കല്ലട ഉള്ളുരുപ്പിലെ പ്രിയദര്‍ശിനി ഗ്രന്ഥശാലയാണ് വേദിയായത്. പരിസ്ഥിതിക്കു വേണ്ടിയുള്ള സാഹിത്യം എന്ന നിലയില്‍ ഇതിന്റെ ആഗോളമാനം ചര്‍ച്ച ചെയ്യപ്പെടാന്‍ ഇംഗ്‌ളീഷ് രൂപാന്തരം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഇംഗ്‌ളീഷ് പതിപ്പ് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

.ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്

. മുംബൈ കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിബി സത്യന്‍ , ഇംഗ്ളീഷ് ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും സാഹിത്യം രാഷ്ട്രീയം സാമൂഹികം വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്,ദൃശ്യമാധ്യമങ്ങളില്‍ ഡിബേറ്റര്‍ആണ്

Advertisement