പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനത്തിന് തിരക്കേറി

ശബരിമല: മണ്ഡലകാലം അവസാനിക്കാറായപ്പോൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനത്തിന് തിരക്കേറി. ഇതരസംസ്ഥാന തീർഥാടകരുടേയും തിരക്ക് വർധിച്ചു. അയ്യപ്പന് മകരവിളക്ക് ദിനത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ വൃശ്ചികം ഒന്നിന് തന്നെ ഭക്തർക്ക് ദർശനത്തിനൊരുക്കി. ശ്രാമ്പിക്കൽ കൊട്ടാരത്തിലാണ് തിരുവാഭരണങ്ങൾ ദർശിക്കാൻ അവസരമൊരുക്കിയത്.

കൊട്ടാരം നിർവാഹക സംഘത്തിനാണ് ചുമതല. തിരുവാഭരണങ്ങൾ, വാളുകൾ, തിരുവാഭരണപേടകങ്ങൾ, പല്ലക്ക് തുടങ്ങിയവ അടുത്തു കാണാനുള്ള അവസരമാണ്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. ജനുവരി പന്ത്രണ്ടിനാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്.

മകരവിളക്കിന് ശേഷം മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളിക്കുന്ന തിടമ്പ് പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. അയ്യപ്പൻറെ മീശ പിരിച്ച മുഖത്തോടുകൂടിയ തിടമ്പ് മാളികപ്പുറത്ത് നിന്ന് എഴുന്നള്ളത്ത് ഇല്ലെന്നത് ബോധ്യപ്പെടുത്താൻ കൂടിയാണെന്ന് സംഘാടകർ പറഞ്ഞു. കനത്ത സുരക്ഷയിലണ് തിരുവാഭരണങ്ങൾ ദർശനത്തിന് ഒരുക്കിയിരിക്കുന്നത്.

Advertisement