കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസ്: വിധി ഇന്ന്

തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നാലര വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്‌, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

2018 മാർച്ച് 14ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരിക്കൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസങ്ങൾക്കു ശേഷം പൊന്തക്കാടിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.

കേസിൽ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം ദീർഘവും ദുർഘടവുമായിരുന്നെന്നും നല്ല മനസ്സുള്ള ധാരാളം പേർ ഒപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ തെളിവുകൾ ശക്തമെന്ന് ഡിസിആർബി അസി. കമ്മിഷണർ പറഞ്ഞു. സാഹചര്യത്തെളിവുകൾ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണർ വ്യക്തമാക്കി.

Advertisement