ലേലം വിളി ഹരമായി മാറി;ഒരു മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപയ്ക്ക് വിറ്റുപോയി

ഇടുക്കി: ഒരു മത്തങ്ങക്ക് വില നാല്‍പ്പത്തി ഏഴായിരം എന്നു കേട്ടാല്‍ അത് ആരും വിശ്വസിച്ചെന്നു വരില്ല. പക്ഷേ ഈ വില കേട്ട് ആരും ഞെട്ടാതിരിക്കണ്ട, അത് വാസ്തവമാണ്. ഇടുക്കി ചെമ്മണ്ണാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോ വരുന്ന ഒരു മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റുപോയത്.
സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മത്തങ്ങ ഇത്തരത്തില്‍ ചരിത്രം സൃഷ്ടിക്കുന്നത് ആദ്യമായിട്ടാണ്. ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തില്‍ പങ്കെടുക്കാന്‍ തടിച്ച് കൂടിയ ആളുകളില്‍ ലേലം ഒരു ഹരമായി മാറി. ഒടുവില്‍ ആരോ സൗജന്യമായി സംഘാടകര്‍ക്ക് നല്‍കിയ മത്തങ്ങ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

Advertisement