കേരളത്തിലെ തെരുവുനായകളുടെ വന്ധ്യംകരണത്തിന് മൂന്ന് വർഷമെടുത്തേക്കുമെന്ന് റിപ്പോർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷം തെരുവു നായകളുണ്ടെന്ന് റിപ്പോർട്ട്. ഭീതി പരത്തുന്ന ഇവയെ മുഴുവൻ വന്ധ്യംകരിക്കാൻ മൂന്ന് വർഷമെടുത്തേക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏകദേശം മൂന്ന് ലക്ഷം തെരുവ് നായകളുണ്ട്. ഇവയുടെ വന്ധ്യംകരണത്തിന് 152 കേന്ദ്രങ്ങളാണ് വേണ്ടത്. നിലവിൽ 30 വന്ധ്യംകരണ കേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. പുതിയ കേന്ദ്രങ്ങൾ തുടങ്ങിയാൽ മാത്രമെ നായ്ക്കളുടെ വന്ധ്യംകരണം ആരംഭിക്കാൻ കഴിയൂ.

പരിശോധനയ്ക്ക് വിധേയമാക്കുന്ന നായകളിൽ 52 ശതമാനത്തിനും പേ വിഷ ബാധയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വന്ധ്യംകരിച്ച്‌ തെരുവ് നായകളുടെ എണ്ണം കുറയ്ക്കുക സർക്കാരിനെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളിയാണ്. 2030 ആവുന്നതോടെ പേ വിഷബാധ നിർമാർജ്ജനം ചെയ്യുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം. പുതുക്കിയ ആനിമൽ ബർത്ത് കൺട്രോൾ(എബിസി) കർമ്മപദ്ധതി പ്രകാരം വന്ധ്യംകരണത്തിന് ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച്‌ രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ ഓപ്പറേഷൻ തീയേറ്റർ, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെൽട്ടർ മറ്റു സൗകര്യങ്ങൾ ഒരുക്കണം.

ഇത്തരത്തിൽ ഒരു കേന്ദ്രം തുടങ്ങണമെങ്കിൽ കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും വേണം. ഈ കെട്ടിടത്തിൽ ഓപ്പറേഷൻ തീയേറ്റർ കൂടാതെ ചികിത്സാ യൂണിറ്റ്, സ്റ്റോർ, സിസി ടിവി, എയർ കണ്ടീഷണർ, കിച്ചൺ എന്നിവയടക്കമുള്ള സൗകര്യമൊരുക്കണം. ഇതിന് ആവശ്യമായി വരുന്ന തുക തദ്ദേശ സ്ഥാപനങ്ങൾ ജില്ലാപഞ്ചായത്തിന് നൽകണം. എന്നാൽ വാർഷിക പദ്ധതി രൂപീകരണം പൂർത്തിയായ സാഹചര്യത്തിൽ പണം കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രയാസമാണ്.

അതേ സമയം കർമ്മപദ്ധതി സംബന്ധിച്ച്‌ ഉത്തരവിറക്കിയെങ്കിലും അതുമായി മുന്നോട്ട് പോകാൻ സർക്കാരിന് കഴിയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലാത്തതും നിയമകുരുക്കുമാണ് കാരണം. ആരോഗ്യ, തദ്ദേശ സ്ഥാപന, മൃഗസംരക്ഷണവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് കർമ്മപദ്ധതിക്ക് രൂപം നൽകിയത്. രണ്ടാഴ്ച മുമ്പ് ഉത്തരവിറങ്ങിയെങ്കിലും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം നായ പിടുത്തക്കാരുടെ അഭാവവും തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തതുമാണ്. നായകളെ പിടിക്കുന്നവർക്ക് ആദ്യം 200 രൂപയാണ് പ്രതിഫലം നിശ്ചയിച്ചത്. ഇത് 300 രൂപയായി ഉയർത്തിയിട്ടും ആളെ കിട്ടുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ പറയുന്നത്.

പദ്ധതി തദ്ദേശ സ്ഥാപനങ്ങളെ കെട്ടിയേൽപ്പിച്ച്‌ സർക്കാർ കൈകഴുകയെന്നും വിമർശനമുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം തെരുവ് നായകളെ വന്ധ്യംകരിക്കണമെങ്കിൽ സർക്കാർ ഷെൽട്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പറയുന്നത്.

Advertisement