3 വർഷം തടവു ലഭിക്കാവുന്ന കുറ്റം; വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡിസിപി

Advertisement

കൊച്ചി; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ. ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ലെന്നും ഡിസിപി പറഞ്ഞു. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ജാമ്യത്തിൽ വിട്ടതെന്ന് ഉമാ തോമസ് എംഎൽഎ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഡിസിപി രംഗത്തെത്തിയത്.

‘പൊലീസ് ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ല. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും കേരള പൊലീസ് ആക്ട് പ്രകാരം മൂന്നു വർഷം വീതം തടവു ലഭിക്കാവുന്ന രണ്ടു വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ വിനായകൻ ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്ന് കയ്യേറ്റ ശ്രമമുണ്ടായെന്നു തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കും’– ഡിസിപി പറഞ്ഞു.

‘അദ്ദേഹത്തിന്റെ ഒരു വ്യക്തിപരമായ പ്രശ്നം ഉണ്ടാകുമ്പോൾ പൊലീസ് പോകും. പൊലീസ് ഇടപെടും. വ്യക്തിപരമായ പ്രശ്നമായതുകൊണ്ട് പറയുന്നില്ല’– എന്നും ഡിസിപി പറഞ്ഞു. വിനായകനെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയുണ്ടോ എന്ന ചോദ്യത്തിന് പരിശോധിക്കട്ടെ, പരിശോധിച്ചശേഷം മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. വിനായകൻ പ്രശ്നക്കാരനാണോ എന്ന ചോദ്യത്തിന് ‘പുള്ളി മദ്യപിച്ചുകഴിഞ്ഞാൻ ഇങ്ങനെ കുറച്ച് പ്രശ്നങ്ങൾ. മുൻപൊരിക്കൽ ഇതുപോലെ ചെറിയൊരു പ്രശ്നം ഉണ്ടായിട്ടുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.

Advertisement