സജിചെറിയാന്‍റെ ഗ്യാപ് നികത്താന്‍ ചിത്തരഞ്ജന്‍, കണ്ണൂരിന്‍റെ കരുത്തുകൂട്ടാന്‍ ഷംസീര്‍,പി നന്ദകുമാര്‍ പരിഗണനകള്‍ ഏറെ, എംബി രാജേഷിന് പുതിയ ദൗത്യം?, ഷൈലജ ഇപ്പോഴും പുറത്ത്

തിരുവനന്തപുരം. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസഭയില്‍ അഴിച്ചുപണി ഉറപ്പായി. സജി ചെറിയാന്റേയും എം.വി.ഗോവിന്ദന്റേയും ഒഴിവില്‍ രണ്ടു പുതിയ മന്ത്രിമാര്‍ എത്തുമെന്നതില്‍ സംശയമില്ല. അതിനുമപ്പുറത്തുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും ശ്രുതിയുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു ശേഷമായിരിക്കും മന്ത്രിസഭാ പുനസംഘടനയില്‍ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുക.

എം.വി.ഗോവിന്ദന്‍ രാജിവെക്കുന്നതോടെ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുകള്‍ക്ക് മന്ത്രിയെ കണ്ടെത്തേണ്ടി വരും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ഒഴിവാകേണ്ടി വന്ന ഫിഷറീസ്, സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാനും പകരക്കാരന്‍ വേണം. നിലവിലെ വകുപ്പുകളുടെ പുനര്‍വിന്യാസവും സജീവ പരിഗണനയിലുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ സമൂലമായ അഴിച്ചുപണിക്കാണ് എം.വി.ഗോവിന്ദന്റെ സെക്രട്ടറി പദവിയിലൂടെ തുടക്കമിടുന്നതെന്ന് കരുതണം.

പൊന്നാനിയില്‍ നിന്നുള്ള പി.നന്ദകുമാര്‍, ആലപ്പുഴയിലെ പി.പി.ചിത്തരഞ്ജന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍. സജി ചെറിയാന്റെ രാജിയിലൂടെ ഇല്ലാതായ ആലപ്പുഴയുടെ പ്രാതിനിധ്യം ഉറപ്പിക്കുക മാത്രമല്ല, സാമുദായിക സമവാക്യങ്ങളും ചിത്തരഞ്ജനെ തുണച്ചേക്കും. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ പി.നന്ദകുമാറിന് അവസരം നല്‍കണമെന്ന അഭിപ്രായം ശക്തമാണ്. എം.വി.ഗോവിന്ദന്‍ രാജിവെക്കുന്നതോടെ സിപിഎം മന്ത്രിമാരിലെ കണ്ണൂര്‍ പ്രാതിനിധ്യം പിണറായി വിജയന്‍ മാത്രമായി ചുരുങ്ങും. അത് പരിഹരിക്കാന്‍ തീരുമാനിച്ചാല്‍ എ.എന്‍.ഷംസീറിനായിരിക്കും മുന്‍ഗണന. അതേസമയം സാമുദായിക സംതുലനം അദ്ദേഹത്തിന് തിരിച്ചടിയാക്കാം.

കെ.കെ.ശൈലജയുണ്ടെങ്കിലും ഇക്കുറിയും പരിഗണിച്ചേക്കില്ലെന്നാണ് സൂചന. എം.ബി.രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു മാറ്റി, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. വകുപ്പുമാറ്റങ്ങള്‍ കൂടി തീരുമാനിക്കേണ്ടതിനാല്‍ എം.വി.ഗോവിന്ദന്റെ രാജിക്കുശേഷം ഒരുപക്ഷേ, ഓണം അവധികൂടി കഴിഞ്ഞായിരിക്കും മന്ത്രിസഭാ പുനസംഘടന.

Advertisement