പ്രവാസികൾക്ക് വിസ തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനമായി

ദുബൈ : കേരളാ പൊലീസും സംസ്ഥാന സർക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ – മെയിൽ ഐഡികളും നിലവിൽവന്നു .

വിവിധ രാജ്യങ്ങളിൽ തൊഴിൽ തട്ടിപ്പിനിരയായി നിരവധിപേർ പ്രയാസത്തിലാകുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത് . മാസങ്ങൾക്ക് മുമ്പ് ദുബൈയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി നടന്ന മുഖാമുഖത്തിൽ ‘ ഓപ്പറേഷൻ ശുഭയാത്ര ‘ ആരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ പി . ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു . കേരളാ പൊലീസാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത് . അനധികൃത റിക്രൂട്ട്മെൻറുകൾ , വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ ഇതിലൂടെ നേരിട്ടറിയിക്കാം . spnri.pol@kerala.gov.in , dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും , 0471-2721547 എന്ന ഹെൽപ്പ്ലൈൻ നമ്പറിലുമാണ് പരാതികൾ നൽകേണ്ടത് .
തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി നോർക്ക റൂട്ട്സ് , വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് , കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു . ഇതേതുടർന്നാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പിലാക്കാൻ തീരുമാനിച്ചത് . വ്യാജ റിക്രൂട്ട്മെൻറ് , മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യൻ എംബസി , പ്രവാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് നിലവിൽ നോർക്ക വകുപ്പും , നോർക്ക റൂട്ട്സും സത്വര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു .

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ് , വിസ തട്ടിപ്പ് എന്നിവക്കെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട് . ഇതിനു പുറമേയാണ് പ്രവാസികൾക്ക് നേരിട്ട് പരാതി നൽകാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം കൂടി നിലവിൽ വന്നിരിക്കുന്നത് .

സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്മെൻറ് തട്ടിപ്പുകൾ തടയുന്നതിന് പോലീസ് സൈബർ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു . ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവർത്തിച്ചു വരുന്നുണ്ട് . നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ എല്ലാ പോലീസ് ജില്ലകളിലും ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു .

Advertisement