കോട്ടയം:മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് മകള്‍ അപകടത്തില്‍ മരിച്ച അതേ സ്ഥലത്ത് പിതാവും വാഹനാപകടത്തില്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമയായ കോട്ടയം തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം.കെ. ജോസഫ് (77) മരിച്ചത്.

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം.

റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമാണ് എം.കെ.ജോസഫ്. 1985 ല്‍ ജോസഫിന്റെ മകള്‍ ജോയ്‌സ്, റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇതേസ്ഥലത്തുവച്ച് കാര്‍ ഇടിച്ച് മരിച്ചത്. വ്യാഴാഴ്ച്ച 9:10 ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപത്തെ ചെറിയ റോഡില്‍ നിന്ന് താഴേക്ക് സ്‌കൂട്ടറില്‍ എത്തിയ ജോസഫ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.