കൊല്ലം. വിഭാഗീയത പുറത്തറിയരുത് എങ്കില്‍ സമവായ സെക്രട്ടറി വേണ്ടിവരും, സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആരാകുമെന്ന കാര്യത്തിൽ ചര്‍ച്ച തുടരുന്നു. ആഴ്ചയില്‍ ഒരു സെക്രട്ടറിയെന്ന നില മാറണമെന്ന കാര്യത്തിലേ അഭിപ്രായ ഐക്യമുള്ളൂ. വിഭാഗീയത രൂക്ഷമായ ജില്ലയിൽ രണ്ടുകൂട്ടർക്കും സ്വീകാര്യനായ പി.എസ് സുപാല്‍ വന്നേക്കുമെന്നാണ് സൂചന. കാനം പക്ഷം ആർ രാജേന്ദ്രൻ്റേയും ഇസ്മായിൽ – പ്രകാശ് ബാബു പക്ഷം ജി ലാലുവിന്റെ പേരും മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇന്ന് രാവിലെ കൊല്ലത്ത് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കൊല്ലം ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച് ധാരണയുണ്ടാക്കും. വിഭാഗീയത അതിരൂക്ഷമായ ജില്ലയിൽ കാനം പക്ഷം സംസ്ഥാന കൗൺസിൽ അംഗമായ ആർ രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ പരമാവധി ശ്രമം നടത്തും. എന്നാൽ പ്രായപരിധി ചൂണ്ടി കാണിച്ച് ഇത് തടയാനാണ് ഇസ്മായിൽ – പ്രകാശ് ബാബു പക്ഷത്തിന്റെ നീക്കം. പകരം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായ ജി ലാലുവിനെ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ തർക്കം രൂക്ഷമാവുകയാണെങ്കിൽ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമാക്കുന്നതിനോട് സിപിഐയുടെ സംസ്ഥാന ജില്ലാ നേതാക്കൾക്ക് എതിർപ്പുണ്ട്.

അങ്ങനെയെങ്കിൽ സമവായ സെക്രട്ടറിയെ പരിഗണിക്കാമെന്ന് ഇരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. പുനലൂർ എംഎൽഎ പി എസ് സുപാലിനാണ് അങ്ങനെയെങ്കിൽ സാധ്യത കല്പിക്കപ്പെടുന്നത്. നേരത്തെ ഇസ്മായിൽ പ്രകാശ് ബാബു പക്ഷത്തിനൊപ്പം നിലപാട് ഉറപ്പിച്ചിരുന്ന സുപാൽ ഇപ്പോൾ കാനം പക്ഷത്തിനൊപ്പമാണ്. എങ്കിലും ഇരുകൂട്ടർക്കും സ്വീകാര്യൻ തന്നെ, കിഴക്കൻ മേഖലയിലെ തലയെടുപ്പുള്ള നേതാവ് എന്നതും സുപാലിന് തുണയാവും. എം.എൽ.എ ആയതിനാൽ തന്നെ ഇരട്ടപദവി വേണ്ട എന്ന നിലപാടിലേക്ക് എത്തിയാൽ മത്സരമുണ്ടാകും.