ചൈനയിലും ജനകീയ പ്രക്ഷോഭം; ശ്രീലങ്കയിലേതിന് സമാനമായി കൂറ്റൻ റാലിയുമായി ജനം തെരുവിൽ

ചൈനയിലും ജനകീയ പ്രക്ഷോഭം; ശ്രീലങ്കയിലേതിന് സമാനമായി കൂറ്റൻ റാലിയുമായി ജനം തെരുവിൽ
ബെയ്ജിങ് : ചൈനയിലും ജനകീയ പ്രക്ഷോഭമെന്നു റിപ്പോർട്ട്. ഭരണകൂടത്തിനെതിരായ പ്രത്യക്ഷ പ്രതിഷേധങ്ങൾ വിരളമായ ചൈനയിൽ, ഹെനാൻ പ്രവിശ്യയിൽ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെയാണു വൻ ബഹുജന പ്രക്ഷോഭം അരങ്ങേറിയത്.

തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർ ‘അസാധാരണ’ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സംഭവം രാജ്യാന്തര ശ്രദ്ധ നേടി. ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൂവിലാണ് പ്രതിഷേധക്കാർ പടുകൂറ്റൻ റാലി സംഘടിപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഹെനാൻ പ്രവിശ്യയിൽ, നാലു ബാങ്കുകൾ പണം പിൻവലിക്കുന്നത് ഇക്കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ പണം തിരിച്ചെടുക്കാൻ മാർഗമില്ലാതെ വലഞ്ഞ നിക്ഷേപകരാണ് ഞായറാഴ്ച ഷെങ്ഷൂവിൽ കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഷെങ്ഷൂവിലെ ശാഖയ്ക്കു മുന്നിൽ നൂറുകണക്കിന് ആളുകൾ നിക്ഷേപം തിരികെ വേണമെന്ന ആവശ്യവുമായി സംഘടിക്കുകയായിരുന്നു.

ചൈനയിൽ ഇത്തരമൊരു പ്രതിഷേധത്തിൽ ഇത്രയധികം ആളുകൾ പങ്കെടുക്കുന്നത് അപൂർവമാണ്. ഹെനാൻ പ്രവിശ്യയിലെ ഭരണകൂടത്തിനും പൊലീസിനുമെതിരെ ബാനറുകളുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനമെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പ്രശ്നത്തിൽ ചൈനീസ് ഭരണകൂടം ഇടപെടണമെന്നും ഹെനാൻ പ്രവിശ്യയിൽ അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തി കണ്ണീരോടെ വിവരിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു.

അതിനിടെ, പ്രാദേശിക ബാങ്കുകളെ നിയന്ത്രണത്തിലാക്കി വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ചതിന് ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി സുചാങ് സിറ്റി പൊലീസിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. 2011 മുതൽ ഇവർ നടത്തിവന്ന അനധികൃത സാമ്പത്തിക ഇടപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അനുമാനം. ഹെനാൻ പ്രവിശ്യയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇവിടുത്തെ ബാങ്കിങ് ആൻഡ് ഇൻഷുറൻസ് റെഗുലേറ്റർ വ്യക്തമാക്കി.

ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണത്തിലുള്ള ചൈനയിൽ ഇത്തരം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും താരതമ്യേന വിരളമാണ്. ഇവിടെ പ്രതിപക്ഷത്തിനും കാര്യമായ റോളില്ല. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കും ഭരണകൂടത്തിനുമെതിരെ പ്രതിഷേധം വിരളമാണെങ്കിലും, പ്രാദേശിക ഭരണകൂടങ്ങളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും നയങ്ങൾക്കെതിരെ ആളുകൾ പ്രതിഷേധിക്കുന്നത് പതിവാണ്. ഹെനാൻ പ്രവിശ്യയിൽ നടന്ന പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് ഒട്ടേറെപ്പേരാണ് ചൈനയിലെ പ്രധാന സമൂഹമാധ്യമമായ വെയ്ബോയിലൂടെ രംഗത്തെത്തിയത്.

Advertisement