കൊൽക്കത്ത: രാജ്യത്തെ പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു. 25 വയസും 10 മാസവും പ്രായമായ രാജ വടക്കൻ ബംഗാളിലെ സംരക്ഷിതകേന്ദ്രത്തിൽ വച്ചാണ് ചത്തത്.
2008 ആഗസ്റ്റിലാണ് ജലദ്പാരയിലെ കടുവകൾക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ രാജയെത്തുന്നത്. മുതല ആക്രമണത്തിൽ വലുത് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് രാജയെ സംരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്. അതുവരെ സുന്ദർബെൻ കാടുകളിലാണ് രാജ കഴിഞ്ഞിരുന്നത്.
രാജയുടെ 25-ാം ജന്മദിനം കഴിഞ്ഞ വർഷം ഓഗസ്റ്റ് 23-ന് വനംവകുപ്പ് ആഘോഷമാക്കിയിരുന്നു. അടുത്ത കാലത്തായി രാജയ്ക്ക് ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വാർദ്ധക്യസഹജമായ പ്രശ്നങ്ങളാണ് മരണകാരണമെന്ന് മൃഗഡോക്ടർമാർ വിലയിരുത്തിയത്. ഇന്ത്യയിലെ പ്രായം കൂടിയ കടുവകളിലൊന്നാണ് രാജയെന്ന് ഡിവഷണൽ ഫോറസ്റ്റ് ഓഫീസർ ദീപക് പറഞ്ഞു.