കൊറോണ വൈറസ് ചിലരിൽ ഏഴ് മാസങ്ങൾക്കപ്പുറവും തുടരാമെന്ന് ഗവേഷകർ

ന്യൂഡൽഹി: കൊറോണ വൈറസ് ചിലരിൽ ഏഴ് മാസങ്ങൾക്കപ്പുറവും സജീവമായി തുടരാമെന്ന് പഠനം. ഫ്രാൻസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രസീലിലെ സാവോ പോളോ സർവകലാശാല, ഒസ് വാൾഡോ ക്രൂസ് ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.


ബ്രസീലിലുള്ള 38 കൊവിഡ് രോഗികളെയാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ഇതിൽ മൂന്ന് പേരിൽ 70 ദിവസത്തിനപ്പുറം സാർസ് കൊവ്-2 വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ ഇവർക്ക് സാധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് ബാധിതരിൽ എട്ട് ശതമാനത്തിന് ലക്ഷണങ്ങളൊന്നും ഇല്ലാതെ രണ്ട് മാസത്തിൽ കൂടുതൽ രോഗം പരത്താൻ കഴിയുമെന്ന നിഗമനത്തിലേയ്ക്ക് ശാസ്ത്രജ്ഞരെ എത്തിച്ചു.


എന്നാൽ 20 ദിവസത്തേയ്ക്ക് മിതമായ ലക്ഷണങ്ങൾ മാത്രമുള്ള 38 വയസ്സുള്ള ഒരു രോഗിയിൽ വൈറസ് 232 ദിവസം തുടർന്നുവെന്നും ഗവേഷകർ പറയുന്നു. ഏകദേശം ഏഴ് മാസത്തിൽ അധികം തുടർച്ചയായ ചികിത്സ ലഭിക്കുകയോ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ ഇക്കാലയളവിലെല്ലാം രോഗം പരത്താൻ ഈ രോഗിയ്ക്ക് സാധിക്കുമെന്നും ഫ്രോണ്ടിയേഴ്‌സ് ഇൻ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

Advertisement