ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ മോചനം ശ്രമകരമാകും; നയതന്ത്ര നീക്കം തുടങ്ങി

ഖത്തർ:
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ മോചനം ശ്രമകരമായേക്കുമെന്ന് റിപ്പോർട്ട്. ഖത്തർ നാവികസേനക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ് ഇവർ. ചാരവൃത്തി ആരോപിച്ചാണ് എട്ട് ഇന്ത്യക്കാരെയും വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. തങ്ങളുടെ അന്തർവാഹിനി പദ്ധതിയെ കുറിച്ച് ഇസ്രായേലിന് ഇവർ വിവരങ്ങൾ കൈമാറിയതിന് തെളിവുണ്ടെന്നാണ് ഖത്തർ ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതർ കുടുംബാംഗങ്ങളോടും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിരുന്നു. ഖത്തർ സ്‌റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ഇവരെ കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യക്ക് ഔദ്യോഗികമായി വിവരം ലഭിച്ചത്. രാജ്യസുരക്ഷയെ സംബന്ധിച്ച പ്രശ്‌നമാണ് എന്നതിനാൽ പരിഹാരം ഏറെ ശ്രമകരമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ പറയുന്നു.

എട്ട് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണത്തിലടക്കം കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ സ്വഭാവമുള്ള ചില വിഷയങ്ങളുടെ പേരിൽ അടുത്ത കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ടുണ്ട്.

Advertisement