രണ്ട് യുഎസ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; തീരുമാനം ഖത്തറിന്റെ മധ്യസ്ഥതയിൽ

ഗാസ സിറ്റി: ഗാസയിൽ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ മോചിപ്പിച്ച് ഹമാസ്. യുഎസ് പൗരന്മാരായ ജൂഡിത് റാനൻ( 59), മകൾ നേറ്റില റാനൻ(18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.

ഇസ്രയേലിൽ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടു പോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലിൽ തിരിച്ചെത്തിയതായി ഇസ്രയേൽ സർക്കാർ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ‘മാനുഷിക പരിഗണന’വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് സൂചിപ്പിച്ചു.

ഇരുവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. യുഎസ് വനിതകളുടെ മോചനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ സന്തോഷം രേഖപ്പെടുത്തി. സ്വതന്ത്രരായതിനു പിന്നാലെ ബൈഡൻ അമ്മയോടും മകളോടും ഫോണിൽ സംസാരിച്ചു. കുടുതൽ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും ഈജിപ്തുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു.
ഗാസയിലെ റെഡ് ക്രോസ് സംഘത്തിന് ഹമാസ് കൈമാറിയ ജൂഡിത്തിനെയും നേറ്റിലയേയും പിന്നീട് ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെ ഇവർ കുടുംബാംഗങ്ങൾക്കൊപ്പം ചേർന്നതായാണ് വിവരം. ഒക്ടോബർ ഏഴിന് ഗാസ അതിർത്തിയിൽനിന്നാണ് അമ്മയേയും മകളേയും ഹമാസ് തട്ടിക്കൊണ്ടുപോയത്. ഇരുവരും ഇസ്രയേലിൽ അവധിയാഘോഷത്തിലായിരുന്നു. ബൈഡന്റെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് അമേരിക്കൻ വനിതകളുടെ മോചനം.

മകളുമായി ഫോണിൽ സംസാരിച്ചെന്നും അവൾ ഏറെ സന്തോഷവതിയാണെന്നും നേറ്റിലയുടെ പിതാവ് യുറി നാനൻ യുഎസിലെ ഇല്ലിനോയിസിൽ പറഞ്ഞു. തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടയച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇപ്പോഴും ബന്ദികളായി കഴിയുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എല്ലാവരുടെയും മോചനത്തിനായുള്ള ശ്രമം തുടരുമെന്നും നേറ്റിലയുടെ അമ്മാവൻ അറിയിച്ചു.

അതേസമയം, വടക്കൻ ഗാസയിലെ സഹറ മേഖല അപ്പാടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തു. ഗാസ സിറ്റിയിൽ നൂറുകണക്കിനുപേർ അഭയം തേടിയിരുന്ന ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും തകർക്കപ്പെട്ടു. കരയാക്രമണത്തിനു ഗാസയിലേക്കു കടക്കാനുള്ള ഉത്തരവ് ഉടനെത്തുമെന്ന് അതിർത്തിയിലെ സൈനികരെ സന്ദർശിച്ച ഇസ്രയേൽ പ്രതിരോധമന്ത്രി യയാവ് ഗലാന്റ് അറിയിച്ചു. ഇതിനിടെ, കയ്റോയിൽ ഇന്നു നടക്കുന്ന സമാധാന ഉച്ചകോടിയിൽ മഹ്മൂദ് അബ്ബാസിനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും പുറമേ 14 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കും.

പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു; ഇവരിൽ 1500 കുട്ടികളുണ്ട്. പരുക്കേറ്റവർ 13,000. ഒറ്റദിവസം മാത്രം 659 പേർ കൊല്ലപ്പെട്ടു. ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ 10 ലക്ഷത്തോളം പേർ ഇതിനകം ഭവനരഹിതരായതായി യുഎൻ അറിയിച്ചു.

Advertisement