ഗാസയിൽ തീമഴ; വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. യുഎൻ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കം ഉപയോഗിക്കുന്നുവെന്നാണ് പലസ്തീൻ ആരോപിക്കുന്നത്.

ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചുവെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ‘‘രാജ്യാന്തര തലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ബോംബ് ഇസ്രയേൽ കരാമ, ഗാസ എന്നിവിടങ്ങളിലെ പലസ്തീനികൾക്കെതിരെ പ്രയോഗിക്കുകയാണ്.’’ ബോംബ് വർഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോകളും വിഡിയോകളും ചൂണ്ടിക്കാട്ടി വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നുവെന്ന് ആരോപണം ശക്തമാക്കിയത്.

അന്തരീക്ഷ വായുവുമായി സമ്പർക്കമുണ്ടായാലുടൻ വൈറ്റ് ഫോസ്ഫറസ് വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തും. 815 ഡിഗ്രി സെലഷ്യസ് ചൂടാണ് രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നത്. വെളുത്ത പുകയും ഉണ്ടാകും.

രാത്രിയിൽ ആക്രമിക്കാനുള്ള ലക്ഷ്യങ്ങൾക്ക് സമീപം പ്രകാശം പരത്താനും ശത്രുക്കൾക്ക് നാശനഷ്ടമുണ്ടാക്കാനുമടക്കം ഇത് ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ പുക പരത്തി പ്രതിരോധ കവചം തീർക്കാനും സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാറുണ്ട്. എന്നാൽ പതിക്കുന്ന പ്രദേശങ്ങളിൽ ശക്തമായ തീപിടിത്തം ഉണ്ടാകും. തീ കെടുത്താൻ ബുദ്ധിമുട്ടാണ്. അതിനാൽ ജനവാസ മേഖലയിൽ ഇത്തരം ബോംബുകൾ വീണാൽ കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണം വളരെ കൂടുതലായിരിക്കും. അമേരിക്കയടക്കം വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു.

Advertisement

1 COMMENT

Comments are closed.