ശീതീകരിച്ച് സൂക്ഷിച്ചത് 30 വർഷം; അമ്മയുടെ പ്രായം 33, നവജാതശിശുക്കൾക്ക് 30! അപൂർവ്വനേട്ടവുമായി ഇരട്ടകൾ

ടെന്നസി: ഏറ്റവുമധികം കാലം ശീതികരിച്ച നിലയിൽ സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികൾ. അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിലാണ് സംഭവം.

വന്ധ്യത സംബന്ധിയായ തകരാറുകൾക്ക് ചികിത്സ തേടിയ ദമ്പതികളാണ് ശീതീകരിച്ച ഭ്രൂണത്തിൽ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാൽ നവജാത ഇരട്ടകളേക്കാൾ വെറും മൂന്ന് വയസുമാത്രമാണ് ഇരുടെ അമ്മയ്ക്കുള്ളത്. റേച്ചൽ, ഫിലിപ്പ് ദമ്പതികളാണ് 1992 ഏപ്രിലിൽ ശീതീകരിച്ച ഭ്രൂണത്തിൽ നിന്ന് മാതാപിതാക്കളായത്.

തിമോത്തി, ലിഡിയ എന്നീ ഇരട്ടക്കുട്ടികളാണ് അപൂർവ്വ നേട്ടത്തോടെ പിറക്കുന്നത്. തിമോത്തിയുടേയും ലിഡിയയുടേയും ഭ്രൂണം ശീതീകരിച്ച സമയത്ത് ഇവരുടെ അമ്മയുടെ പ്രായം വെറും മൂന്ന് വയസ് മാത്രമാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ ദീർഘകാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് പിറക്കുന്നവരെന്ന നേട്ടവരും ഇരട്ട സഹോദരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നാഷണൽ എബ്രിയോ ഡൊണേഷൻ സെന്ററിൽ നിന്നാണ് റേച്ചൽ ഭ്രൂണം സ്വീകരിച്ചത്. വിട്രോ ഫെർട്ടിലൈസേഷൻ രീതിയിലൂടെയായിരുന്നു ഇത്. ലിക്വിഡ് നൈട്രജനിലായിരുന്നു ഭ്രൂണങ്ങൾ സൂക്ഷിച്ചിരുന്നത്. ഫിലിപ്പിന് സാങ്കേതികമായി കണക്കാക്കിയാൽ നവജാത ശിശുക്കളേക്കാൾ വെറും അഞ്ച് വയസാണ് അധികമുള്ളത്. രണ്ടിനും എട്ടിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികളുള്ള റേച്ചലിൻറെ അഞ്ചാമത്തെ പ്രസവത്തിനാണ് അപൂർവ്വ നേട്ടം.

നേരത്തെ മൂന്ന് കുട്ടികളുടേയും പിറവിക്കായി ഇവർ ചികിത്സാ സഹായം തേടിയിരുന്നു. വന്ധ്യതാ ചികിത്സയ്ക്ക് ചിലവിടുന്ന പണം ഭ്രൂണം ദത്തെടുക്കാനായി ചിലവിടാനുള്ള തീരുമാനത്തിനാണ് ദമ്പതികൾ അപൂർവ്വ നേട്ടത്തിന് നന്ദി പറയുന്നത്. വലിയ കുടുംബം വേണമന്ന ദമ്പതികളുടെ ആഗ്രഹമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ റേച്ചലിനേയും ഫിലിപ്പിനേയും പ്രേരിപ്പിച്ചത്. വാഷിംഗ്ടണിലെ വാൻകൂവറിലാണ് ഇവർ താമസിക്കുന്നത്. കുട്ടികളുടെ ജീവശാസ്ത്ര പരമായ പിതാവ് ഏതാനും വർഷങ്ങൾക്ക് മുൻപ് അപൂർവ്വ രോഗ ബാധിതനായി മരണത്തിന് കീഴടങ്ങിയിരുന്നു. മൂന്ന് ഭ്രൂണങ്ങളായിരുന്നു ദമ്പതികൾ സ്വീകരിച്ചത് എന്നാൽ ഇതിൽ രണ്ട് ഭ്രൂണം മാത്രമാണ് പൂർണ വളർച്ച നേടിയത്. 2020 ഒക്ടോബറിൽ പിറന്ന മോളിയെന്ന കുഞ്ഞിന്റെ റെക്കോർഡാണ് തിമോത്തിയും ലിഡിയയും മറികടന്നത്. 27 വർഷം ശീതീകരിച്ച നിലയിൽ സൂക്ഷിച്ചതിന് ശേഷമാണ് മോളി പിറന്നത്.

Advertisement