കറാച്ചിയിൽ ഹിന്ദു ക്ഷേത്രം തകർത്തു! ബലാത്സംഗം, കൊലപാതകം… പാകിസ്ഥാനിൽ നടക്കുന്നത് ക്രൂരതയെന്ന് കനേരിയ

കറാച്ചി: കറാച്ചിയിൽ ഹിന്ദു ക്ഷേത്രം തകർത്തതിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി മുൻ പാകിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേരിയ. പിന്നാലെ ലോകത്തുള്ള ഹിന്ദു വിശ്വാസികളോട് ശബ്ദമുയർത്താനും കനേരിയ ആവശ്യപ്പെട്ടു. കറാച്ചിയിലെ സോൾജിയർ ബസാറിലെ ക്ഷേത്രം വൻ പൊലീസ് സന്നാഹത്തോടെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. 150 വർഷത്തോളം പഴക്കമുള്ളതായിരുന്നു ഈ ക്ഷേത്രം.

കനേരിയ ട്വിറ്ററിൽ കുറിച്ചിട്ടതിങ്ങനെ… ”പാകിസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ടതിൽ ഹിന്ദു വിശ്വാസികൾ മൗനം പാലിക്കുന്നതെന്താണ്? എണ്ണിയാലൊതുങ്ങാത്ത ക്രൂരതകളാണ് പാകിസ്ഥാനിൽ നടക്കുന്നത്. നിർബന്ധിത മതം മാറ്റം, തട്ടികൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം അങ്ങനെ നീളുന്നു. രാജ്യത്ത് മതത്തിന് സ്വാതന്ത്ര്യമില്ല. ഈ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾ ശബ്ദമുയർത്തണം.” കനേരിയ ട്വീറ്റ് ചെയ്തു. ട്വീറ്റ് വായിക്കാം…

അടുത്തിടെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണ് അക്രമിക്കപ്പെടുന്നത്. സിന്ധ് പ്രവിശ്യയിലെ ദക്ഷിണ മേഖലയിലെ ഹിന്ദു ക്ഷേത്രം ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് തകർത്തിരുന്നു. സിന്ധിലെ ക്ഷേത്രം ആക്രമണ സമയത്ത് ക്ഷേത്രം അടച്ച നിലയിലായിരുന്നു. പ്രാദേശികരായ ഹിന്ദു വിശ്വാസികൾ നിർമിച്ച ചെറുക്ഷേത്രമാണ് അക്രമികൾ തകർത്തത്. സിന്ധ് പ്രവിശ്യയിലെ കാശ്‌മോര പ്രദേശത്തെ ഹിന്ദു വിശ്വാസികളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.

ബാഗ്രി സമുദായത്തിന്റേതാണ് സിന്ധിലെ ഈ ക്ഷേത്രം. ഒൻപതോളം പേർ ചേർന്ന് ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിന് നേരെ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമികകൾ കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Advertisement