പരസ്യം കുത്തനെ കുറഞ്ഞു; ട്വിറ്റർ വൻ കടത്തിലെന്ന് മസ്ക്

പരസ്യം പാതിയായി കുറഞ്ഞതോടെ ട്വിറ്റർ വൻ കടബാധ്യതയിലായെന്ന് ഇലോൺ മസ്ക്. ബിസിനസ് ഉപദേശം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ട്വീറ്റിന് മറുപടി നൽകിയപ്പോഴാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്യത്തിൽ നിന്നുള്ള വരുമാനത്തിൽ പാതിയോളം കുറവുണ്ടായതും വൻ കടബാധ്യതയും കാരണം ഞങ്ങൾക്ക് പണം ഇപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പണം തിരികെ ലഭിക്കാൻ തുടങ്ങിയതിനു ശേഷം മാത്രമേ ഏതു വിധത്തിലുള്ള ആർഭാടവും നടപ്പാക്കാനാകൂ എന്നും മസ്ക് റിട്വീറ്റ് ചെയ്തിട്ടുണ്ട്. 44 ബില്യൺ യുഎസ് ഡോളർ നൽകിയാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. അതിനു ശേഷം നിരവധി പരിഷ്കാരങ്ങൾ മസ്ക് നടപ്പിലാക്കി. ഉന്നത ഉദ്യോഗസ്ഥർ‌ പലരും ട്വിറ്ററിൽ നിന്ന് പുറത്തായി. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടു. വിലക്കേർപ്പെടുത്തിയിരുന്ന പല പ്രമുഖരെയും വീണ്ടും ട്വിറ്ററിലേക്ക് തിരിച്ചെത്തിച്ചു.

ഈ പരിഷ്കാരങ്ങൾക്കെല്ലാം ഫലമുണ്ടായെന്നും നഷ്ടപ്പെട്ട പല പരസ്യദാതാക്കളും ട്വിറ്ററിലേക്ക് തിരിച്ചെത്തിയതായും സെക്കൻഡ് ക്വാർട്ടറോടു കൂടി ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഏപ്രിലിൽ മസ്ക് പറഞ്ഞിരുന്നു. അതിനു പുറകേ പരസ്യ മേഖലയുമായി വലിയ ബന്ധമുള്ള ലിൻഡ യക്കാറിനോയെ പുതിയ സിഇഒയായി നിയമിക്കുകയും ചെയ്തു. പക്ഷേ ഒരു ദിവസം കാണാനാകുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ചതടക്കം ട്വിറ്ററിൽ നടപ്പാക്കിയ പല പരിഷ്കാരങ്ങളും ഉപയോക്താക്കളെ അസ്വസ്ഥരാക്കി. മെറ്റായുടെ പുതിയ മൈക്രോ ബ്ലോഗ് ആപ്പ് ത്രെഡ്സ് ലോഞ്ച് ചെയ്തതും ട്വിറ്ററിനെ പ്രതികൂലമായി ബാധിച്ചു.

Advertisement