ടൈറ്റാനിക് കാണാന്‍പോയി കാണാതായ മുങ്ങിക്കപ്പലിനെപ്പറ്റി വിവരമില്ല

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചരികളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പല്‍ (സബ്മെര്‍സിബിള്‍) കടലില്‍ കാണാതായി.

മുങ്ങികപ്പലിനായി ന്യൂഫൗണ്ട്ലാന്‍ഡ് തീരത്ത് തെരച്ചില്‍ നടത്തുന്നതായി ബോസ്റ്റണ്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സബ്മെര്‍സിബിളില്‍ എത്രപേരുടെന്ന് വ്യക്തമല്ല. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പ്രത്യേകം നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ സബ്മെര്‍സിബിളുകള്‍ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്ബനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്ബനി അറിയിച്ചു.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത് 250000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ). ഒരു സബ്മെര്‍സിബിളില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേര്‍ട്ടുകള്‍ക്ക് ഒപ്പം മൂന്നു സഞ്ചാരികള്‍ ഒരു മുങ്ങികപ്പലില്‍ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂര്‍ സമയമെടുക്കും.

1912 ഏപ്രില്‍ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയില്‍ ഇടിച്ച് വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലായിരുന്നു ആര്‍എംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരില്‍ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികള്‍ ടൈറ്റാനിക്കിന്റെ ചുറ്റിപറ്റി നടന്നിരുന്നു.

Advertisement